തിരുവനന്തപുരം: ആയിരം കോടി തട്ടിപ്പുകേസിലെ പ്രതി അനന്ദുകൃഷ്ണനുമായി ബന്ധമുള്ള വമ്പന്മാരും സംശയനിഴലിൽ. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പ്രധാനമന്ത്രിയെ ഉൾപ്പടെ കണ്ടും ഒപ്പം ചിത്രമെടുത്തും അത് തട്ടിപ്പിന് ഉപയോഗിച്ചു.
തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. സായിഗ്രാം എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാറാണ് കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയെന്ന് അറിയുന്നു. സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ സംസ്ഥാന കോ-ഓർഡിനേറ്റർ എന്ന നിലയിലാണ് പ്രധാനമന്ത്രിയെ കാണാൻ പാസ് അനുവദിച്ചത്.
200 സംഘടനകളുടെ ഏകോപന സമിതിയായ എൻ.ജി.ഒ കോൺഫെഡറേഷന്റെ ചെയർമാൻ ആനന്ദകുമാറും സെക്രട്ടറി അനന്ദുകൃഷ്ണനുമായിരുന്നു. എന്നാൽ താൻ കബളിപ്പിക്കപ്പെട്ടെന്നാണ് ആനന്ദകുമാർ പറയുന്നത്. എൻ.ജി.ഒ കോൺഫഡറേഷൻ രൂപീകരിച്ച് ഒരു വർഷത്തിന് ശേഷമാണ് അനന്ദു സമീപിച്ചത്. നല്ല പദ്ധതിയായതിനാൽ സഹകരിച്ചു. സാമ്പത്തിക ഇടപെടലുകളിൽ കോൺഫെഡറേഷന് ബന്ധമില്ലെന്ന് കരാറുണ്ടാക്കി. പദ്ധതിയുടെ സുതാര്യതയിൽ അവിശ്വാസമുണ്ടായതോടെ കോൺഫെഡറേഷന്റെ ചുമതലയിൽ നിന്ന് പിന്മാറി. സെന്റ് തെരേസാസ് കോളേജിലെ റിട്ട. പ്രൊഫസർ ബീനാ സെബാസ്റ്റ്യൻ പിന്നീട് ചുമതലയേറ്റു. കോൺഫെഡറേഷൻ ചെയർമാൻ എന്ന നിലയിൽ ഒരു രൂപയുടെ സാമ്പത്തിക ഇടപാടു പോലും താൻ നടത്തിയിട്ടില്ലെന്നും ആനന്ദകുമാർ പറഞ്ഞു.
അതേസമയം, താനാണ് അനന്ദുവിനെ പരിചയപ്പെടുത്തിയതെന്ന ആനന്ദകുമാറിന്റെ വാദം ലാലി വിൻസെന്റ് തള്ളി. ആനന്ദകുമാറിന് ഓർമ്മക്കുറവാണെന്ന് അവർ പറഞ്ഞു. കേസിൽ ഏഴാം പ്രതിയായ ലാലി മുൻകൂർ ജാമ്യത്തിന് കോടതിയിലെത്തി.
ആനന്ദകുമാറിനെതിരെ റിട്ട. ജഡ്ജി സി.എൻ. രാമചന്ദ്രൻ നായരും രംഗത്തെത്തി. ആനന്ദകുമാറാണ് എൻ.ജി.ഒ കോൺഫെഡറേഷന്റെ ഉപദേശകനായി തന്നെ നിയമിച്ചത്. തട്ടിപ്പിന് വിശ്വാസ്യത വർദ്ധിപ്പിക്കാനായിരിക്കാം ഇങ്ങനെ ചെയ്തത്. സംഘടന പിരിവ് നടത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |