കൊച്ചി: കലൂരിൽ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വൈപ്പിൻ സ്വദേശി ജിബിനാണ് (ജോമോൻ, 36) അറസ്റ്റിലായത്. കൊല്ലം സ്വദേശികളായ അബിൻ, സോബിൻ എന്നിവർക്കാണ് വെട്ടേറ്റത്. മുഖത്തും മുതുകിനും വെട്ടേറ്റ അബിൻ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സോബിന് കൈയ്ക്കാണ് വെട്ടേറ്റത്. പരിക്ക് സാരമുള്ളതല്ല. വെള്ളിയാഴ്ച പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം.
കലൂർ ബസ് സ്റ്റാൻഡിലും മറ്റും ജോലി ചെയ്യുന്നവരാണ് അബിനും സോബിനും. സംഭവദിവസം രാത്രി സ്റ്റാൻഡിനോട് ചേർന്ന് കിടന്നുറങ്ങുകയായിരുന്ന സോബിന്റെ പോക്കറ്റിൽ നിന്നും ജിബിൻ പണംതട്ടാൻ ശ്രമിച്ചു. സോബിൻ ഇത് തടഞ്ഞു. പിന്നീട് ഇതേചൊല്ലി ഇരുവരും അടിപിടിയായി. ശബ്ദംകേട്ട് എത്തിയതായിരുന്നു അബിൻ. ഇതിനിടെയാണ് ജിബിൻ കത്തി വീശിയത്.
അബിന്റെ കവിളിലും മുതുകിലും മൂന്ന് തുന്നിക്കെട്ടുണ്ട്. വിവരമറിഞ്ഞ് കൺട്രോൾ റൂമിൽ നിന്ന് പൊലീസ് സ്ഥലത്തെത്തി ജിബിനെ പിടികൂടുകയായിരുന്നു. കൂട്ടുപ്രതി ഉണ്ടെന്നാണ് നോർത്ത് പൊലീസ് സംശയിക്കുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |