തിരുവനന്തപുരം: കേരള സർക്കാർ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിർമ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നൽകാൻ പോരുന്ന ക്രിയാത്മക ഇടപെടലാണ് ബഡ്ജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങൾക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോകുന്ന സമീപനമാണ് ബഡ്ജറ്റിൽ.
ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ക്ഷേമ ആശ്വാസങ്ങൾക്കും ദീർഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനും ഒരുപോലെ ഊന്നൽ നൽകുന്നു. ജനജീവിതത്തെ ഞെരുക്കാതെ വിഭവസമാഹരണത്തിനായി പുതിയ മേഖലകൾ കണ്ടെത്തുന്നു. അർഹതപ്പെട്ടതു കേന്ദ്രം തരാതിരിക്കുന്ന സാഹചര്യത്തിലും ജനജീവിതവും നാടിന്റെ വികസനവും ഉപേക്ഷിക്കപ്പെടില്ല എന്നത് ബഡ്ജറ്റിൽ ഉറപ്പാക്കുന്നുണ്ട്.
വിലക്കയറ്റത്തിന്റെ ദേശവ്യാപക അന്തരീക്ഷത്തിലും സാധാരണ ഉപഭോക്താക്കളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നു. വിജ്ഞാന സമ്പദ്ഘടനാ വികസനത്തിനും അടിസ്ഥാന വികസന വിപുലീകരണത്തിനും പുതുതലമുറയുടെ ഭാവി ഭദ്രമാക്കലിനും അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും പ്രത്യേക ശ്രദ്ധവച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്നത നിലവാരത്തിലാക്കുന്നതിനും പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതൽ മികവുറ്റതാക്കുന്നതിനും സഹായകമാകുന്ന പ്രഖ്യാപനങ്ങളാണുള്ളത്.
സമഗ്ര വികസനത്തിനായുള്ള കേരളത്തിന്റെ സാമ്പത്തിക രേഖയാണിത്. അവകാശപ്പെട്ടതു നിഷേധിക്കുന്നതിലൂടെ കേരളത്തെ സാമ്പത്തികമായി ഞെരുക്കിക്കളയാമെന്നു കരുതുന്ന രാഷ്ട്രീയ നിലപാടുകളെ ബദൽ വിഭവസമാഹരണത്തിന്റെ വഴികൾ കണ്ടെത്തി കേരളം അതിജീവിക്കും എന്നതിന്റെ പ്രത്യാശാനിർഭരമായ തെളിവുരേഖ കൂടിയാണ് ബഡ്ജറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |