ന്യൂഡൽഹി: 'കേന്ദ്രത്തിൽ മോദി, ഡൽഹിയിൽ കേജ്‌രിവാൾ". ഈ പതിവ് അവസാനിപ്പിക്കാൻ 11 വർഷമായി മോദി- ഷാ കൂട്ടുകെട്ട് മെനഞ്ഞ തന്ത്രങ്ങൾ ഫലം കണ്ടു. 27 വർഷത്തിനുശേഷം മുഖ്യ എതിരാളിയെ തൂത്തെറിഞ്ഞ് ഡൽഹിയിൽ താമര വിരിയിച്ചെടുത്തു. കൃത്യമായ ആസൂത്രണത്തിലൂടെ തയ്യാറാക്കിയ കുരുക്കിൽ ആം ആദ്മി വീണു. അഴിമതി വിരുദ്ധ പാർട്ടി, ജനകീയ നേതാവ്, സൗജന്യങ്ങളാൽ ജീവിതം സുഗമമാക്കിയ പാർട്ടി, വാഗ്‌ദാനങ്ങൾ നടപ്പാക്കിയ പാർട്ടി, ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടുമ്പോഴും മൃദുഹിന്ദുത്വ നിലപാട് പുലർത്തിയ പാർട്ടി- ആം ആദ്‌മി വളർത്തിയെടുത്ത ഈ പ്രതിച്ഛായ ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയുയർത്തിയിരുന്നു. ഇത് തകർക്കുകയായിരുന്നു ബി.ജെ.പിയുടെ പ്രധാനലക്ഷ്യം. ആം ആദ്മിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ കൃത്യമായി ഉപയോഗിക്കാനും പ്രതിരോധം തീർക്കാനും ജനങ്ങളിലെത്തിക്കാനും മോദി- ഷാ തന്ത്രത്തിനായി.
ആദ്യ കുരുക്ക്:
മദ്യനയ അഴിമതി
അഴിമതിവിരുദ്ധ മുഖച്ഛായയാണ് ആം ആദ്മിക്കുണ്ടായിരുന്നത്. ബഡ്‌ജറ്റ് അടക്കം കേന്ദ്രസർക്കാർ നിയന്ത്രിക്കുന്ന ഡൽഹിയിൽ, വരുമാന സ്രോതസുകൾ കുറവായതിനാൽ അഴിമതിക്കുള്ള സാദ്ധ്യത ബി.ജെ.പി പരിശോധിച്ചു. അങ്ങനെ മദ്യനയ കുംഭകോണം പുറത്തുവന്നു. ബി.ജെ.പിയുടെ ആദ്യ കുരുക്ക്.
അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ വന്നതോടെ ആം ആദ്‌മി പ്രതിരോധത്തിലായി. ഇതിലൂടെ കേജ്‌രിവാളിനെ ഒരു പരിധിവരെ തളച്ചു. എന്നാൽ 2022 ഡിസംബറിൽ നടന്ന കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആം ആദ്മി ജയിച്ചുകയറി. പിന്നീട് ബി.ജെ.പിയുടെ കരുതലോടെയുള്ള നീക്കം.
'ഇന്ത്യ" മുന്നണിയിൽ ആം ആദ്‌മിക്ക് കോൺഗ്രസ് പിന്തുണയുണ്ടായിട്ടും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകൾ നിലനിറുത്താനായത് ആത്മവിശ്വാസം വർദ്ധിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചതും ബി.ജെ.പിയെ സഹായിച്ചു.
ആളിക്കത്തിച്ച
'ശീശ് മഹൽ"
സർക്കാർ വണ്ടിയോ ബംഗ്ലാവോ തനിക്ക് വേണ്ടെന്ന് പറഞ്ഞത് കേജ്‌രിവാൾ. അതേ കേജ്‌രിവാൾ 33 കോടി രൂപ മുടക്കി ഔദ്യോഗിക വസതി പുതുക്കിപ്പണിതത് ബി.ജെ.പി ആളിക്കത്തിച്ചു. 'ശീശ് മഹൽ"(ചില്ലു കൊട്ടാരം പോലെ) എന്ന പേരിൽ ബി.ജെ.പിയുടെ രണ്ടാം കുരുക്ക്. കേജ്‌രിവാൾ കൂടുതൽ പ്രതിരോധത്തിൽ.
കൊത്തിയ പാമ്പിനെക്കൊണ്ട്...
ആം ആദ്മിയെ തകർക്കാൻ ബി.ജെ.പിക്ക് കിട്ടിയ വജ്രായുധമായിരുന്നു ഡൽഹിക്കാരുടെ കുടിവെള്ളത്തിൽ
ഹരിയാന സർക്കാർ വിഷം കലക്കിയെന്ന കേജ്‌രിവാളിന്റെ ആരോപണം. വ്യവസായശാലകളിൽ നിന്നുള്ള അമോണിയ കലരുന്നത് അതിശയോക്തിയോടെ പറഞ്ഞതാണെങ്കിലും വിഷയം ബി.ജെ.പി വൈകാരികമായി ഉപയോഗിച്ചു. ഡൽഹിയിൽ ഹരിയാനക്കാരുടെ ബന്ധുക്കളുണ്ടെന്നും അവരെ കൊല്ലാൻ ആരെങ്കിലും ശ്രമിക്കുമോയെന്നും നരേന്ദ്രമോദിയും അമിത് ഷായും ആവർത്തിച്ചു ചോദിച്ച് കുരുക്ക് മുറുക്കി.
സൗജന്യങ്ങളിൽ വീഴ്ത്തി
ഡൽഹിയിൽ ആംആദ്‌മിയുടെ നിലനിൽപ്പിന് പ്രധാനഘടകമായ സൗജന്യ വാഗ്ദാനങ്ങളിൽ പിടിച്ചായിരുന്നു ബി.ജെ.പിയുടെയും പ്രചാരണം. സൗജന്യങ്ങൾ തുടരുമെന്ന ബി.ജെ.പിയുടെ ഉറപ്പിൽ ഡൽഹിക്കാർ വീണു.
മുതലാക്കിയ
പടലപ്പിണക്കങ്ങൾ
കേജ്‌രിവാൾ എന്ന ഒറ്റനേതാവിൽ കേന്ദ്രീകരിച്ച ആം ആദ്‌മിയിലെ പടലപ്പിണക്കങ്ങൾ മുതലെടുക്കാനും ബി.ജെ.പിക്കായി. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ കൈലാഷ് ഗെലോട്ട് അടക്കം നിരവധി സിറ്റിംഗ് എം.എൽ.എമാർ ബി.ജെ.പി പാളയത്തിൽ. ആം ആദ്‌മി പാർട്ടി ബാനറിൽ രാജ്യസഭാംഗമായ സ്വാതി മലിവാളിനെയും ബി.ജെ.പി ഉപയോഗപ്പെടുത്തി.
ഹിന്ദുത്വം പറയാതെ...
ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശക്തമായി ഉയർത്തിയ ഹിന്ദുത്വ മുദ്രാവാക്യം ഇത്തവണ ബി.ജെ.പി കീശയിൽ തന്നെ വച്ചു. ന്യൂനപക്ഷ മേഖലകളിലേത് നേട്ടമായി.
ജീവനക്കാരുടെ വോട്ട്
ജനുവരി 16ന് എട്ടാം ശമ്പളക്കമ്മിഷന് കേന്ദ്രം അനുമതി നൽകി. കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരുമടങ്ങിയ വലിയൊരു വിഭാഗം ഡൽഹി വോട്ടർമാരെ ഇത് സ്വാധീനിച്ചു. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബഡ്‌ജറ്റിൽ 12 ലക്ഷം രൂപവരെ ആദായ നികുതി വേണ്ടെന്ന പ്രഖ്യാപനവും മദ്ധ്യവർഗ വിഭാഗത്തെ അടക്കം സ്വാധീനിച്ചു. ബഡ്‌ജറ്റിന്റെ തൊട്ടടുത്ത ദിവസം ഇക്കാര്യം പത്രപരസ്യങ്ങളിലൂടെ ഉയർത്തിക്കാട്ടി.
അടിത്തറയിളകാതെ
ഏഴ് ലോക്‌സഭാ സീറ്റുകൾ തുടർച്ചയായി നിലനിറുത്തുന്ന ബി.ജെ.പി തങ്ങളുടെ ഉറച്ച വോട്ടുബാങ്കുകളിലൂന്നിയാണ് പ്രചാരണം നടത്തിയത്. ന്യൂഡൽഹി മണ്ഡലത്തിൽ കേജ്‌രിവാളിനെതിരെ ശക്തനായ ജാട്ട് നേതാവായ പർവേഷ് വർമ്മയെ തന്ത്രപരമായി രംഗത്തിറക്കി. പാർട്ടിയിൽ നിന്നകന്നിരുന്ന ജാട്ട് സമുദായത്തെ തിരിച്ചുകൊണ്ടുവരാനായി. മലിനീകരണം, ഗതാഗതം, പൊതു സുരക്ഷ തുടങ്ങിയ പ്രാദേശിക വിഷയങ്ങളിലൂന്നി പ്രചാരണം. കേന്ദ്ര സർക്കാർ പദ്ധതികളെയും പ്രോത്സാഹിപ്പിച്ചു. ആയുഷ്‌മാൻഭാരത് ഇൻഷ്വറൻസ് പദ്ധതി ഡൽഹിയിൽ നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി.
വോട്ടെടുപ്പ് അടുക്കുംതോറും മുറുകിവന്ന കുരുക്കിൽ ഒടുവിൽ കേജ്‌രിവാളിനും പാർട്ടിക്കും വീഴ്‌ച.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |