ന്യൂഡല്‍ഹി: മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ് രാജിവച്ചു. ന്യൂഡല്‍ഹിയില്‍ എത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അപ്രതീക്ഷിതമായ രാജി പ്രഖ്യാപനം. വൈകുന്നേരം രാജ്ഭവനിലെത്തി ഗവര്‍ണര്‍ അജയ്കുമാര്‍ ഭല്ലയ്ക്ക് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു. തന്റെ മന്ത്രിസഭയിലെ ചില അംഗങ്ങള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി ഗവര്‍ണറെ കാണാനെത്തിയത്.
മണിപ്പൂരിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ നേതൃമാറ്റം എന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇതു സംബന്ധിച്ച് ഒരു തീരുമാനത്തിലേക്ക് ഇതുവരേയും എത്തിയിരുന്നില്ല. സംസ്ഥാന നിയമസഭയില്‍ തിങ്കളാഴ്ച ബഡ്ജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ബീരേന്‍ സിംഗ് രാജിവച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയെ മാറ്റണം എന്ന ആവശ്യം ഉന്നയിച്ച് മണിപ്പൂരിലെ കുക്കി വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരവധി തവണ മുമ്പ് കേന്ദ്ര നേതൃത്വത്തെ കണ്ടിരുന്നു. ബഡ്ജറ്റ് സമ്മേളനം ആരംഭിക്കുമ്പോള്‍ കോണ്‍ഗ്രസ് നാളെ സഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് രാജി.
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം കേന്ദ്ര നേതാക്കളും ബീരേന്‍ സിംഗിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ട സമയത്ത് അത് നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വ്യാപകമായ വിമര്‍ശനം ബീരേന്‍ സിംഗിന് നേരിടേണ്ടി വന്നിരുന്നു.
പിന്നീട് ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കലാപത്തിന്റെ തുടക്കത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്ന് ബീരേന്‍ സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഒരു വിഭാഗം സംസ്ഥാന നേതാക്കളും കേന്ദ്ര നേതാക്കളും എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോഴും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിലെ പ്രബല വിഭാഗത്തിന്റെ പിന്തുണയോടെ ബീരേന്‍ സിംഗ് അധികാരത്തില്‍ തുടരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |