പെരുമ്പാവൂർ: തിരുവൈരാണിക്കുളം സൗത്ത് വെള്ളാരപ്പിള്ളി മൂലേത്ത് ഭഗവതി ക്ഷേത്രത്തിലെ സതീഷ് ആചാരിയുടെ മൂർദ്ധാവിൽ പറശ്ശിനിക്കടവ് മുത്തപ്പൻ കൈവച്ചനുഗ്രഹിക്കുന്ന ദൃശ്യം ആർട്ടിസ്റ്റ് അനിൽ അക്രിലിക് പെയ്ന്റിംഗായി പകർത്തിയപ്പോൾ ലഭിച്ചത് അഭിന്ദനവർഷം. ചിത്രകാരനും ഫോട്ടോഗ്രഫറുമായ കൂട്ടാലപ്പാട് സ്വദേശി ആർട്ടിസ്റ്റ് അനിൽ ഒരു ദിവസം കൊണ്ടാണ് 22 ഇഞ്ച് നീളത്തിലും 14 ഇഞ്ച് വീതിയിലുമുള്ള ക്യാൻവാസിൽ ചിത്രം പൂർത്തിയാക്കിയത്. പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ ദൈവക്കോലം എന്ന് പേരിട്ട ചിത്രം ഫ്രെയിം ചെയ്ത് മൂലേത്ത് ക്ഷേത്രത്തിന് തന്നെ സമർപ്പിച്ചു. കഴിഞ്ഞ ജനുവരി 5നാണ് മടപ്പുരമുത്തപ്പൻ മൂലേത്ത് ക്ഷേത്രത്തിലെത്തിയത്.
വിദ്യാർത്ഥിയായിരിക്കെ അനിലിന്റെ ചിത്രരചനാപാടവം തിരിച്ചറിഞ്ഞ് പ്രോത്സാഹനം നൽകിയത് ചിത്രകലാദ്ധ്യാപകനായിരുന്ന മോഹനൻ മാസ്റ്ററാണ്. പെരുമ്പാവൂരിൽ പ്രവർത്തിച്ചിരുന്ന ചിത്രപീഠത്തിലെ അദ്ധ്യാപകരായിരുന്ന ഉദയൻ, ബെന്നി, രാജൻ തുടങ്ങിയവരും മാർഗനിർദ്ദേശങ്ങൾ നൽകി. ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ കുടുംബം പോറ്റാൻ ഛായാചിത്ര രചനകളിലേക്കും ബോർഡ് -ബാനർ എഴുത്തുകളിലേക്കും അനിൽ തിരിഞ്ഞു. പരസ്യരംഗത്തേയ്ക്ക് ആധുനിക സങ്കേതങ്ങൾ വന്നതോടെ ഫോട്ടോഗ്രഫറായി. അയ്മുറിക്കവലയിൽ അഭിനന്ദ് സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുകയാണ് അനിൽ ഇപ്പോൾ. ഒരു വർഷമായി ചിത്രരചന വീണ്ടും സജീവമാക്കിയിരിക്കുയാണ് ഇദ്ദേഹം. എം.ടി. അന്തരിച്ച വേളയിൽ വരച്ച അദ്ദേഹത്തിന്റെ ഛായചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാലപ്പാട് മുതിരപ്പറമ്പിൽ കൃഷ്ണൻകുട്ടിയുടെയും ജയയുടെയും മകനായ അനിൽ, സിദ്ധൻ കവലയിലെ വിശ്വകർമ്മ ഹാളിൽ ഞായറാഴ്ചകളിൽ കുട്ടികളെ ചിത്രകല അഭ്യസിപ്പിക്കുന്നുണ്ട്. മിനിയാണ് ഭാര്യ. മക്കൾ: ഐശ്വര്യ, അഭിനന്ദ്, ആദർശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |