പൂവാർ: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠിയുടെ പിതാവ് മർദ്ദിച്ചതായി പരാതി. കാഞ്ഞിരംകുളം പി.കെ.സത്യനേശൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയും കാഞ്ഞിരംകുളം പനനിന്ന കർമ്മേൽ വില്ലയിൽ ലാലു - നാൻസി ദമ്പതികളുടെ മകനുമായ ലിജിനാണ് (13) മർദ്ദനമേറ്റത്.
സഹപാഠിയുടെ പിതാവും ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരനുമായ കാഞ്ഞിരംകുളം മുള്ളുവിള സ്വദേശി സോളമനാണ് (48) കുട്ടിയെ നടുറോഡിൽ തടഞ്ഞുനിറുത്തി മർദ്ദിച്ചത്.
ക്ലാസിൽ ബഹളമുണ്ടാക്കിയതിന് സഹപാഠിയുടെ പേര് ലീഡറായ ലിജിൻ ക്ലാസ് ടീച്ചറോട് പറഞ്ഞതിന്റെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിലെന്നാണ് പരാതി. ഇക്കഴിഞ്ഞ 6ന് വൈകിട്ട് 5.30ന് കാഞ്ഞിരംകുളം ജംഗ്ഷനിലെ തൃശ്ശൂർ ഫാഷൻ ജുവലറിക്കു മുന്നിലായിരുന്നു സംഭവം.സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ലിജിനെ സോളമൻ
തടഞ്ഞുനിറുത്തി മർദ്ദിക്കുകയായിരുന്നു. ഷർട്ടിന് കുത്തിപ്പിടിച്ച് അസഭ്യം വിളിച്ച് ചെകിടത്ത് അടിക്കുകയും നെഞ്ചിലും വാരിയെല്ലിന്റെ ഭാഗത്തും ഇടിക്കുകയും കാൽമുട്ടു കൊണ്ട് അടിവയറ്റിൽ തൊഴിക്കുകയും ചെയ്തു.
നിലവിളി കേട്ട് സമീപത്ത് തടിമില്ല് നടത്തുന്ന ലിജിന്റെ പിതാവ് ലാലുവും നാട്ടുകാരുമാണ് പ്രതിയെ പിടിച്ചുമാറ്റിയത്.
അവശനായ കുട്ടിയെ ഉടൻ പുല്ലുവിള ഗവ.സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും വിശദമായ പരിശോധനയ്ക്ക് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതോടെ ഇവിടെ നിന്നും കുട്ടിയെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്രിയെന്ന് അമ്മ നാൻസി പറഞ്ഞു.
പ്രദേശത്തെ സി.സി ടിവി ക്യാമറകളിൽ മർദ്ദനത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. അവ ശേഖരിച്ച് പൊലീസിന് കൈമാറിയിട്ടും പ്രതിയെ പിടികൂടാൻ വിമുഖത കാട്ടുന്നതായി കുടുംബം പരാതിപ്പെടുന്നു.
കാഞ്ഞിരംകുളം സി.ഐ പ്രതിയെ സംരക്ഷിക്കുന്നതായും,കുട്ടി നൽകിയ മൊഴി തെറ്റായി രേഖപ്പെടുത്തി എഫ്.ഐ.ആർ തയ്യാറാക്കിയെന്നുമാണ് കുടുംബത്തിന്റെ ആക്ഷേപം. ഇതിനെതിരെ നെയ്യാറ്റിൻകര ഡിവൈ.എസ്.പിക്ക് പരാതി നൽകാൻ പോയ കുടുംബത്തോട്,പരാതി വാങ്ങാതെ സമാധാനിപ്പിച്ച് മടക്കി അയച്ചതായും ആക്ഷേപമുണ്ട്. പിഞ്ചുകുഞ്ഞിനെ നടുറോഡിൽ മൃഗീയമായി മർദ്ദിച്ചിട്ടും പ്രതിക്കെതിരെ നടപടിയെടുക്കാൻ പൊലീസ് വിമുഖത കാട്ടുന്നതിനെതിരെ പ്രതിഷേധം ഉയരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |