തിരുവനന്തപുരം: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ റിട്ട.അദ്ധ്യാപകന് പൊള്ളലേറ്റു. വട്ടിയൂർക്കാവ് ചെമ്പുക്കോണം സി.ആർ.എ 8 / 1508 ലക്ഷ്‌മി ഭവനിൽ ഭാസ്കകരപിള്ളയ്ക്കാണ് (82) പൊള്ളലേറ്റത്. നാല്പത് ശതമാനത്തിലേറെ പൊള്ളലേറ്റെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേൺ ഐ.സി.യുവിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു അപകടം. അടുക്കള പൂർണമായും കത്തിനശിക്കുകയും അടുക്കളയോടു ചേർന്ന വർക്ക് ഏരിയയുടെ ചുമരും ആ ഭാഗത്തെ മതിലും ഇടിഞ്ഞു വീഴുകയും ചെയ്തു.
ഭാസ്കരപിള്ളയും മകളും മരുമകനുമാണ് ഈ വീട്ടിൽ താമസിക്കുന്നത്.സംഭവസമയം ഭാസ്കരപിള്ള മാത്രമേയുണ്ടായിരുന്നുള്ളൂ.
പാചകം കഴിഞ്ഞ് സിലിണ്ടറിന്റെ റഗുലേറ്ററും അടുപ്പും അടയ്ക്കാത്തതിനാൽ ഗ്യാസ് ലീക്കായി അടുക്കളയാകെ പാചകവാതകം നിറഞ്ഞു.ഫ്രിഡ്‌ജ് റീ സ്‌റ്റാർട്ടായതോടെ സിലിണ്ടർ പൊട്ടിത്തെറിച്ചതാകാമെന്നാണ് ഫയർഫോഴ്‌സിന്റെ പ്രാഥമിക നിഗമനം. ഫ്രിഡ്ജ്,മൈക്രോവേവ് ഓവൻ അടക്കം ഉപകരണങ്ങൾ കത്തി നശിച്ചു. സമീപത്തെ മുറികളിലെ ജനൽ ഗ്ലാസുകളും പൊട്ടിത്തെറിച്ചു.
അടുപ്പുമായി ബന്ധിപ്പിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ അടുക്കളയാകെ തീപിടിക്കുകയായിരുന്നു. തീപിടിത്തത്തിൽ മറ്റൊരു ഭാഗത്ത് സൂക്ഷിച്ച സിലിണ്ടർ തെറിച്ചു പുറത്തേക്കു വീണ് വാതകചോർച്ചയുണ്ടായി.
പൊട്ടിത്തെറി കേട്ട് സമീപവാസി എത്തുമ്പോൾ അടുക്കളയിലെ ജനലടക്കം കത്തുകയായിരുന്നു. വർക്ക് ഏരിയയ്ക്കു സമീപം മുറ്റത്താണ് ഭാസ്കരപിള്ള പൊള്ളലേറ്റ് വീണുകിടന്നിരുന്നത്. ഓടിക്കൂടിയ നാട്ടുകാർ അറിയിച്ചതനുസരിച്ച് 108 ആംബുലൻസെത്തി ഭാസ്‌കരപിള്ളയെ ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്‌സ് ഒരു മണിക്കൂറോളം എടുത്താണ് തീകെടുത്തിയത്.
പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് അടുക്കള ഭാഗത്തെ മതിലിനപ്പുറം നിന്ന് നോക്കിയ സമീപവാസിക്കും പൊള്ളലേറ്റിരുന്നു. സ്റ്റേഷൻ ഓഫീസർമാരായ നിതിൻരാജ്, അനീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |