പൂനെ: ക്വാർട്ടറിലെ ആവേശകരമായ പോരാട്ടത്തിന് പിന്നാലെ ആറ് വർഷത്തെ ഇടവേളയ്ക്കുശേഷം കേരളം രഞ്ജി ട്രോഫി സെമിയിൽ. ജമ്മു കശ്‌മീരിനെതിരെനെതിരെ സമനില വഴങ്ങേണ്ടി വന്നെങ്കിലും ഒറ്റ റണ്ണിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ ബലത്തിലാണ് കേരളത്തിന്റെ മുന്നേറ്റം. സെമിയിൽ നേരിടുക ഗുജറാത്തിനെ. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലാണ് മത്സരം നടക്കുന്നത്.
സൽമാൻ നിസാറിന്റെ രണ്ട് ഇന്നിംഗ്‌സുകളിലെ ഗംഭീര പ്രകടനമാണ് കേരളത്തിന് കരുത്തായത്. രണ്ടാം ഇന്നിംഗ്‌സിൽ മുഹമ്മദ് അസറുദ്ദീനും സൽമാനൊപ്പം ചെറുത്തുനിന്നു. കളി അവസാനിച്ചപ്പോൾ അസറുദ്ദീൻ 118 പന്തിൽ നിന്ന് 67 റൺസും സൽമാൻ 162 പന്തിൽ നിന്ന് 44 റൺസുമെടുത്ത് പുറത്താകാതെ നിൽക്കുകയായിരുന്നു. സ്കോർ-ജമ്മു കശ്മീര്‍ - 280, 399/9 ഡിക്ലയേർഡ്. കേരളം - 281, 295/6. 2018-2019 സീസണിലാണ് ഇതിന് മുൻപ് കേരളം സെമിയിലെത്തിയത്. അന്ന് വിദർഭയോടാണ് പരാജയപ്പെട്ടത്.
രണ്ടാം ഇന്നിംഗ്‌സിൽ മികച്ച ഫോമിലേക്കുയർന്ന കശ്‌മീർ ഉയർത്തിയ 399 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നാണ് കേരളം രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയത്. ആദ്യ ഇന്നിംഗ്‌സിൽ നിർണായക ലീഡ് നേടാനായതാണ് ടീമിന് രക്ഷയായത്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിൽ അഞ്ചാം ദിവസം ബാറ്റിംഗ് ആരംഭിച്ച കേരളത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. എന്നാൽ സൽമാൻ നിസാറിന്റെ ഉറച്ച പോരാട്ടം കേരളത്തിന് സമനില നേടിത്തരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |