തിരുവനന്തപുരം: മാരകരോഗങ്ങൾക്ക് കാരണമാകുന്ന മീഥൈൽ ആൽക്കഹോൾ 95 ശതമാനത്തിലേറെ അടങ്ങിയ പെർഫ്യൂം ഡ്രഗ്സ് കൺട്രോൾ വകുപ്പ് പിടികൂടി. ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
മറൈൻ ഡ്രൈവിൽ പ്രവർത്തിക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്നാണ് പെർഫ്യൂം പിടികൂടിയത്. നടപടികൾ കാര്യക്ഷമമാക്കാൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. അഹമ്മദാബാദിലെ സ്ഥാപനം 'കരിഷ്മ പെർഫ്യൂം" എന്ന പേരിൽ ഇറക്കിയ പെർഫ്യൂമിലാണ് മീഥൈൽ ആൽക്കഹോൾ അമിത അളവിൽ കണ്ടെത്തിയത്.
പെർഫ്യൂമായാണ് നിർമ്മിക്കുന്നതെങ്കിലും ആഫ്റ്റർ ഷേവായിട്ടാണ് ഉപയോഗിക്കുന്നത്. മൃദുവായ മുഖ ചർമ്മത്തിലൂടെയും മുറിവിലൂടെയും വേഗത്തിൽ ശരീരത്തിലെത്തി ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ഉത്പന്നത്തിന്റെ ലൈസൻസ് സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷിച്ച് തുടർനടപടികൾ സ്വീകരിക്കും. മായം ചേർത്ത സൗന്ദര്യ വർദ്ധക വസ്തുക്കൾ നിർമ്മിച്ച് വിതരണം ചെയ്യുന്നത് മൂന്നുവർഷം വരെ തടവും 50,000 രൂപയിൽ കുറയാത്ത പിഴയും കിട്ടുന്ന കുറ്റമാണ്.
കേരള പോയിസൺ റൂളിന്റെ ഷെഡ്യൂൾ ഒന്നിൽ വരുന്ന വിഷമാണ് മീഥൈൽ ആൽക്കഹോൾ. എറണാകുളം അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ സന്തോഷ് കെ.മാത്യുവിന്റെ ഏകോപനത്തിൽ ഡ്രഗ്സ് ഇൻസ്‌പെക്ടർമാരായ നിഷിത.എം.സി, ടെസി തോമസ്, നവീൻ.കെ.ആർ, നിഷ വിൻസെന്റ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |