7 വർഷം വരെ തടവ്, 10 ലക്ഷം പിഴ
വിദ്യാലയത്തിനും ആശുപത്രിക്കും ബാധകം
ന്യൂഡൽഹി: പാസ്‌പോർട്ടോ വിസയോ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിക്കുന്ന വിദേശപൗരന്മാർക്ക് 5 വർഷം വരെ തടവ്, 5 ലക്ഷം പിഴ. വ്യാജ രേഖയെങ്കിൽ തടവ് 7 വർഷവും പിഴ 10 ലക്ഷവുമാവും. ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ 2025ലാണ് അനധികൃത പ്രവേശനത്തിനെതിരെ വ്യവസ്ഥ കടുപ്പിക്കുന്നത്. ബിൽ കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കും.
നിലവിൽ രേഖകളില്ലാതെയോ, വ്യാജ പാസ്‌പോർട്ടുമായോ വന്നാൽ 5 വർഷം വരെ തടവും 10,000-50,000 രൂപ വരെ പിഴയുമാണ് പരമാവധി ശിക്ഷ.
അനധികൃത കുടിയേറ്റത്തിനെതിരാണ് ഇന്ത്യ. യു.എസ് പ്രസിഡന്റ് ട്രംപിന്റെ കടുത്ത നടപടികളെ പിന്തുണച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ ദിവസം ഇക്കാര്യം ആവർത്തിച്ചിരുന്നു. ബംഗ്ളാദേശിൽ നിന്നുൾപ്പെടെയുള്ള അനധികൃത കുടിയേറ്റം തടയൽ ബില്ലിന്റെ പ്രധാന ലക്ഷ്യമെന്നാണ് വിലയിരുത്തൽ.
വിദേശ പൗരന്മാരുടെ യാത്രയ്ക്കും കർശന നിയന്ത്രണം വരും. വിദേശികൾ ബയോമെട്രിക് രജിസ്ട്രേഷന് വിധേയരാകണം. പിടിക്കപ്പെടുന്നവർ സ്വന്തം ചെലവിൽ രാജ്യംവിടണം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദേശ വിദ്യാർത്ഥികളുടെ വിവരം നിയുക്ത രജിസ്ട്രേഷൻ ഓഫീസിന് നിർബദ്ധമായും കൈമാറണം. വിദേശികൾക്ക് ചികിത്സ നൽകുന്ന ആശുപത്രികൾ, ഹോം സ്റ്റേകൾ എന്നിവയ്ക്കും ഇതുബാധകം. വിമാനം, കപ്പലുകൾ തുടങ്ങിയവ വിദേശ യാത്രക്കാരുടെ വിവരം മുൻകൂറായി അധികാരികൾക്ക് നൽകണം. ഇമിഗ്രേഷൻ ഓഫീസർ പ്രവേശനം നിഷേധിച്ചാൽ ഉടൻ യാത്രക്കാരെ തിരിച്ചുകൊണ്ടുപോകണം. വിദേശ ടൂറിസ്റ്റുകൾക്ക് നിയന്ത്രിത മേഖലകളിൽ പ്രവേശനം പാടില്ല.
വിസ കാലാവധി
കഴിഞ്ഞാൽ
വിസ കാലാവധി കഴിഞ്ഞും തങ്ങുകയോ, വിസ വ്യവസ്ഥകൾ ലംഘിക്കുകയോ, നിരോധിത പ്രദേശങ്ങളിൽ പ്രവേശിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവോ, മൂന്ന് ലക്ഷം രൂപ വരെ പിഴയോ, രണ്ടും ചേർത്തോ ശിക്ഷ
സാധുവായ രേഖകളില്ലാതെ വിദേശികളെ വാഹനങ്ങളിൽ കൊണ്ടുപോയാൽ 5 ലക്ഷം രൂപ വരെ പിഴ (നിലവിൽ ഒരു ലക്ഷം). പിഴ അടച്ചില്ലെങ്കിൽ വാഹനം തടഞ്ഞുവയ്‌ക്കാം. പിടിച്ചെടുക്കാം. വാഹനം വിറ്റും പിഴ ഈടാക്കാം
മാറ്റുന്നു, സ്വാതന്ത്ര്യത്തിന്
മുൻപുള്ള നിയമങ്ങൾ
1946ലെ ഫോറിനേഴ്സ് നിയമം, 1920ലെ പാസ്‌പോർട്ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം) നിയമം, 1939ലെ ഫോറിനേഴ്സ് രജിസ്ട്രേഷൻ നിയമം എന്നിവയും 2000ലെ ഇമിഗ്രേഷൻ (കാരിയേഴ്സ് ലയബിലിറ്റി) നിയമവും പൊളിച്ചെഴുതുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |