മലപ്പുറം: നിക്കാഹ് കഴിഞ്ഞ് ദിവസങ്ങൾക്കകം 18കാരി ജീവനൊടുക്കിയതിന് പിന്നാലെ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അയൽവാസിയായ യുവാവ് തൂങ്ങിമരിച്ചു.
തൃക്കലങ്ങോട് കാരക്കുന്ന് കൈക്കോട്ടുപറമ്പിൽ സുനീർ ബാബുവിന്റെ മകൻ സജീർ ബാബുവിനെയാണ് (19) എടവണ്ണ പഞ്ചായത്ത് ഓഫീസിന് സമീപം പുകമണ്ണ് കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം മൂന്നിനായിരുന്നു നവവധുവായ ഷൈമ സിനിവർ തൂങ്ങിമരിച്ചത്. പെൺകുട്ടിയും സജീറും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. വിവാഹത്തിന് പെൺകുട്ടിയുടെ സമ്മതക്കുറവുണ്ടായിരുന്നുവെന്നും പറയുന്നു.
മതാചാര പ്രകാരം ചടങ്ങ് നടത്തിയിരുന്നെങ്കിലും പെൺകുട്ടിയെ ഭർതൃവീട്ടിലേക്ക് കൊണ്ടുപോയിരുന്നില്ല. പെൺകുട്ടി മരിച്ചതിന് പിന്നാലെയാണ് സജീർ കൈഞരമ്പ് മുറിച്ചത്. ചികിത്സയ്ക്കു ശേഷം ഡിസ്ചാർജ്ജായി വീട്ടിലെത്തിയ സജീർ ടോയ്‌ലെറ്റ് കഴുകാനുപയോഗിക്കുന്ന ലായനി കുടിച്ച് വീണ്ടും ആശുപത്രിയിലായി.
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇയാൾ ആരുമറിയാതെ കടന്നുകളഞ്ഞു. ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാവിലെയോടെ സജീറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവ്: അസ്മാബി. സഹോദരി: സഫ മോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |