കോട്ടയം: സർക്കാർ നഴ്സിംഗ് കോളേജിലെ സീനിയർ വിദ്യാർത്ഥികളായ അഞ്ച് പേർ ക്രൂരമായി റാഗിംഗ് നടത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനൊരുങ്ങി പൊലീസ്. കോളേജ് ഹോസ്റ്റലിലെ കൂടുതൽ വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും വിവരങ്ങൾ തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥികളായ ആറ് പേരാണ് ക്രൂരമായ റാഗിംഗിന് വിധേയരായത്.തുടർച്ചയായി മൂന്ന് മാസത്തിലധികം വിദ്യാർത്ഥികൾ റാഗിംഗിന് ഇരകളായിട്ടും ഹോസ്റ്റൽ അധികൃതരോ അദ്ധ്യാപകരോ ഒന്നും അറിഞ്ഞില്ലെന്നാണ് പറയുന്നതാണ്. ഇതിൽ ദുരൂഹത ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. കോളേജിന്റെ പ്രിൻസിപ്പാൾ തന്നെയാണ് ഹോസ്റ്റൽ വാർഡനും. അസിസ്റ്റന്റ് വാർഡനായ മറ്റൊരു അദ്ധ്യാപകനാണ് ഹോസ്റ്റലിന്റെ പൂർണചുമതല. വളരെ കുറച്ച് കുട്ടികൾ മാത്രമുളള ഹോസ്റ്റലിൽ സ്ഥിരമായി മദ്യം അടക്കമുളള സാധനങ്ങൾ എത്തിച്ചിട്ടും നടപടികളുണ്ടായിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഹോസ്റ്റലിലെ അസിസ്റ്റന്റ് വാർഡനെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. അഞ്ച് പ്രതികളുടേയും മൊബൈൽ ഫോണുകൾ പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. പരാതിക്കാരായ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളുള്ള ഫോണുകൾ ശാസ്ത്രീയ പരിശോധനയക്ക് അയക്കും. പ്രതികൾ ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് ഗൂഗിൾ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്.
മൂന്നാം വർഷ വിദ്യാർത്ഥികളായ കോട്ടയം മൂന്നിലവ് കീരിപ്ലാക്കൽ സാമുവൽ (20), കോരുത്തോട് മടുക്ക നെടുങ്ങാട് വിവേക് (21), വയനാട് പുൽപ്പള്ളി ഞാവലത്ത് ജീവ (19), മഞ്ചേരി കച്ചേരിപ്പടി റിജിൽജിത്ത് (20), വണ്ടൂർ കരുമാരപ്പറ്റ രാഹുൽ രാജ് (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.പ്രതികളെ ആവശ്യമെങ്കിൽ മാത്രമേ പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയുളളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |