ചാലക്കുടി: പട്ടാപ്പകൽ കത്തികാട്ടി ബാങ്കിൽ നിന്ന് 15 ലക്ഷത്തോളം രൂപ കവർന്ന സംഭവത്തിൽ പ്രതിയിലേക്കെത്താതെ പൊലീസ്. മോഷ്ടാവ് അങ്കമാലി ഭാഗത്തേക്ക് രക്ഷപ്പെട്ടെന്നാണ് സൂചന. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. കടകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും അടക്കം നൂറിലധികം സി.സിടിവി ക്യാമറകൾ പരിശോധിച്ചതായി ഡി.ഐ.ജി ഹരിശങ്കർ കേരളകൗമുദിയോട് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.20നാണ് ഹെൽമെറ്റും ഗ്ലൗളും ധരിച്ചെത്തിയ മോഷ്ടാവ് കത്തികാട്ടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തിയത്. ഫുൾ സ്ലീവ് ഡ്രസും ഗ്ലൗസും ധരിച്ചതിനാൽ അടയാളങ്ങളൊന്നും ലഭിച്ചിട്ടില്ല. സ്‌കൂട്ടറിന്റെ നമ്പർ മറച്ചത് അന്വേഷണത്തിന് തടസമാകുന്നുണ്ട്. പ്രതിക്ക് സഹായികളുണ്ടെന്നാണ് നിഗമനം.
ഉടൻ പ്രതിയിലേക്കെത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് പൊലീസ്. പ്രത്യേക സംഘത്തിന്റെ അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ജില്ലാ റൂറൽ എസ്.പി രൂപീകരിച്ച 28 അംഗ സ്‌ക്വാഡിലെ ഒരുസംഘം തമിഴ്‌നാട്ടിൽ തെരച്ചിൽ നടത്തുന്നുണ്ട്. മറ്റ് നാലു ടീമുകൾ കേരളത്തിലെ വിവിധയിടങ്ങളിൽ പരിശോധന നടത്തുകയാണ്. ജില്ലാ ക്രൈം സ്‌ക്വാഡ്, ഡിസ്ട്രിക്ട് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് സംഘങ്ങൾ എന്നിവയും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.
അടുത്തിടെ പരോളിലും മറ്റുമായി ജയിലിൽ നിന്നിറങ്ങിയ കവർച്ചക്കാരെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. ബാങ്കിലെ ജീവനക്കാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ആവശ്യമെങ്കിൽ വീണ്ടും ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല.
ദുരൂഹതകളേറെ
മൂന്ന് മിനിറ്റിനുള്ളിൽ കൺമുന്നിൽ നടന്ന കവർച്ച 20 മിനിറ്റോളം വൈകി പൊലീസിനെ അറിയിച്ചതിൽ ദുരൂഹതയുണ്ടോയെന്നാണ് സംശയം. അക്രമി ബാങ്കിൽ നിന്ന് രക്ഷപെട്ടയുടൻ വിവരം ലഭിച്ചിരുന്നെങ്കിൽ പ്രതിയെ വേഗം വലയിലാക്കാമായിരുന്നെന്നാണ് പൊലീസ് പക്ഷം. 47 ലക്ഷം രൂപ മേശപ്പുറത്ത് ഉണ്ടായിട്ടും കൗണ്ടറിൽ നിന്ന് 15 ലക്ഷം മാത്രം കവർന്നതും സംശയം സൃഷ്ടിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |