തൃശൂർ: പോട്ടയിൽ ഫെഡറൽ ബാങ്ക് ശാഖ കൊള്ളയടിച്ചത് പ്രൊഫഷണൽ മോഷ്ടാവ് അല്ലെന്നും ലോക്കൽ ആണെന്നുമുളള നിഗമനത്തിൽ പൊലീസ്. മോഷ്ടാവ് അന്യസംസ്ഥാനക്കാരനാണെന്നാണ് ആദ്യം കരുതിയത്. തുടർ അന്വേഷണത്തിലാണ് മോഷ്ടാവ് മലയാളി തന്നെയെന്നും ക്രിമിനൽ പശ്ചാത്തലമില്ലാത്ത ആളാണെന്നും പൊലീസിന് വ്യക്തമായത്.
കവർച്ച നടത്താൻ സ്വീകരിച്ച മാർഗങ്ങളും കൗണ്ടറിൽ അരക്കോടിയോളം രൂപയുണ്ടായിട്ടും അതിൽ നിന്ന് പതിനഞ്ചുലക്ഷം മാത്രം എടുത്തതുമാണ് പ്രെഫഷണൽ കുറ്റവാളി അല്ലെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. മോഷ്ടാവിനെക്കുറിപ്പ് ചില സൂചനകൾ ലഭിച്ചതായും അറിയുന്നുണ്ട്.
മോഷ്ടാവ് എത്തിയത് എൻടോർക്ക് സ്കൂട്ടറിലാണ്. ജില്ലയിൽ ഈ സ്കൂട്ടറുള്ളവരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ നിന്ന് മോഷ്ടാവ് വന്ന സ്കൂട്ടർ കണ്ടെത്തുകയാണ് ലക്ഷ്യം. മോഷ്ടാവ് പതിനഞ്ചുലക്ഷം രൂപ മാത്രം കവർന്നത് ചില പ്രത്യേക ലക്ഷ്യം വച്ചുകൊണ്ടായിരിക്കാം എന്നും പൊലീസ് കരുതുന്നുണ്ട്. ഒരാളുടെ പോലും എതിർപ്പില്ലാതെ മോഷണം നടത്താൻ കഴിഞ്ഞത് ചില സഹായങ്ങൾ ലഭിച്ചതുകൊണ്ടാണോ എന്നും പൊലീസിന് സംശയമുണ്ട്. ആരുടെയെങ്കിലും വ്യക്തമായ സഹായം ലഭിക്കാതെ തിരക്കേറിയ റോഡിന് തൊട്ടടുത്തായി പ്രവർത്തിക്കുന്ന ബാങ്കിൽ ഇത്തരത്തിലൊരു മോഷണം നടത്താനാവില്ലെന്നും പൊലീസ് കരുതുന്നു. ബാങ്ക് ജീവനക്കാരുടെ മൊഴി പൊലീസ് വീണ്ടും എടുത്തിട്ടുണ്ട്. അധികം വൈകാതെ പ്രതിയെ പിടികൂടാൻ കഴിയുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
അതിനിടെ മോഷണം നടന്ന ബാങ്ക് ശാഖയുടെ സുരക്ഷ വർദ്ധിപ്പിച്ചു. ഇന്നലെത്തന്നെ സുരക്ഷാ ജീവനക്കാരനെ ബാങ്കിൽ ഡ്യൂട്ടിക്കായി നിയാേഗിച്ചു. മോഷണം നടക്കുന്ന സമയം ഇവിടെ സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |