കണ്ണൂർ: ശശി തരൂരിന്റെ അഭിപ്രായം കേരളത്തിൽ കോൺഗ്രസിന്റെ വാദങ്ങൾ പൊളിച്ചടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരിവെള്ളൂർ പുത്തൂരിൽ സി.പി.എം പെരളം നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസായ പുന്നക്കോടൻ കുഞ്ഞമ്പു സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം നേടിയ പൊതുപുരോഗതി, സ്റ്റാർട്ടപ്പിൽ ലോകത്ത് തന്നെ മികച്ച പുരോഗതി, നിക്ഷേപ സൗഹൃദ രംഗത്ത് ഒന്നാംസ്ഥാനം എന്നിവയാണ് തരൂർ ചൂണ്ടിക്കാണിച്ചത്. ഇത് കേരളത്തിലെ കോൺഗ്രസ് സമർത്ഥിക്കാൻ ശ്രമിക്കുന്ന വാദങ്ങൾക്ക് എതിരാണ്. ഒന്നാം സ്ഥാനത്തെത്തിയ കേരളത്തെ പ്രതിപക്ഷ നേതാവ് തള്ളിക്കളയുകയാണ്. എന്തുകൊണ്ടാണ് കോൺഗ്രസ് കേരളത്തിന്റെ ശത്രുക്കളാവുന്നത്. തരൂരിന്റെ അഭിപ്രായത്തെ പ്രതിപക്ഷ നേതാവ് എതിർക്കാൻ ശ്രമിക്കുന്നു. യു.ഡി.എഫ് കേരളത്തിൽ പരിഹാസ്യ ചിത്രമാവുകയാണ്.
സംഘപരിവാർ രാജ്യത്തെ വർഗീയതയുടെ ചാമ്പ്യന്മാരാണ്. കോൺഗ്രസ് ബി.ജെ.പിയുടെ ഐശ്വര്യവും. വർഗീയതയെ ദുർബലപ്പെടുത്താൻ എല്ലാവരും യോജിച്ച് പ്രവർത്തിക്കണം എന്ന ലക്ഷ്യത്തോടെയാണ് 'ഇന്ത്യ' സഖ്യം രൂപീകരിച്ചത്. അവിടെയും കോൺഗ്രസ് സ്വാർത്ഥ താത്പര്യങ്ങൾ നോക്കി. വിജയത്തിൽ മറ്റാർക്കും പങ്ക് കൊടുക്കേണ്ടതില്ലെന്ന സങ്കുചിത നിലപാട് കോൺഗ്രസ് സ്വീകരിച്ചു. ഇത് ബി.ജെ.പിയുടെ വളർച്ചയ്ക്ക് ഇടയാക്കി. ടി.ഐ.മധുസൂദനൻ എം.എൽ.എ അദ്ധ്യക്ഷനായി. എ.കെ.ജി ഹാളിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |