ന്യൂഡൽഹി: അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി മൂന്നാമത്തെ യു.എസ് സേനാ വിമാനം അമൃത്സർ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങി. 112 പേരെയാണ് എത്തിച്ചത്. ഞായർ രാത്രി 10.03 ഓടെയാണ് വിമാനം എത്തിയത്. ഫെബ്രുവരി അഞ്ചിന് 104 പേരെയും, ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 116 പേരെയും സി-17 വിമാനത്തിൽ കൊണ്ടുവന്നിരുന്നു. സ്ത്രീകളെയും കുട്ടികളെയും ഒഴികെ മറ്റുള്ളവരെ വിലങ്ങണിയിച്ചാണ് കൊണ്ടുവന്നതെന്ന് ശനിയാഴ്ച വിമാനമിറങ്ങിയവർ പറഞ്ഞു. കൈയിൽ വിലങ്ങും കാലിൽ ചങ്ങലയുമിട്ടിരുന്നുവെന്ന് പഞ്ചാബിലെ കുരാല കലാൻ സ്വദേശിയായ ദൽജിത് സിംഗ് വെളിപ്പെടുത്തി.
ആദ്യസംഘത്തെ വിലങ്ങ് അണിയിച്ച് കൊണ്ടുവന്നതിന്റെ പേരിൽ പ്രതിപക്ഷം പാർലമെന്റിൽ ഉൾപ്പെടെ വൻ പ്രതിഷേധമുയർത്തുന്നതിനിടെയാണ് ഇന്ത്യക്കാരെ വീണ്ടും വിലങ്ങണിയിച്ച് എത്തിച്ചത്.
പഞ്ചാബ് തരൺ തരൺ സ്വദേശിയായ ജസ്പാൽ സിംഗ് തനിക്ക് നേരിട്ട ചതിയെ കുറിച്ച് തുറന്നു പറഞ്ഞു. 44 ലക്ഷമാണ് ഏജന്റ് തട്ടിയെടുത്തത്. യാത്രാ ചെലവിന് ആറ് ലക്ഷത്തോളം വെറേയും ചെലവായി. നിയമവിരുദ്ധ മാർഗങ്ങളിലൂടെ യു.എസിലേക്ക് കടക്കാൻ പോകരുതെന്ന് ജസ്പാൽ സിംഗ് മുന്നറിയിപ്പ് നൽകി.
2023ലെ കൊലക്കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസ് തിരയുകയായിരുന്ന രണ്ട് പ്രതികളും ശനിയാഴ്ച എത്തിയ സംഘത്തിലുണ്ടായിരുന്നു. രാജ്പുര സ്വദേശികളായ സന്ദീപ്, പ്രദീപ് എന്നിവർ വിമാനത്തിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് രാജ്പുര പൊലീസ് സ്റ്റേഷൻ എച്ച്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിമാനത്താവളത്തിൽ കാത്തുനിന്ന് കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |