
ദുബായ്: ക്രിസ്മസ് - പുതുവത്സര അവധിക്കാലത്ത് നാട്ടിലേക്ക് വരുന്ന പതിവില്‍ നിന്ന് മാറി ചിന്തിച്ച് പ്രവാസികള്‍. മലയാളികളായ പ്രവാസികള്‍ കൂട്ടത്തോടെ യാത്ര റദ്ദാക്കുന്നതാണ് ഈ അവധിക്കാലത്തെ പ്രവണത. വിമാന ടിക്കറ്റുകള്‍ക്ക് നിരക്ക് കുത്തനെ കൂടിയത് തന്നെയാണ് കുടുംബസമേതമുള്ള യാത്ര ഒഴിവാക്കാന്‍ പലരേയും പ്രേരിപ്പിച്ചത്. അവധി ആഘോഷം നാട്ടിലാക്കുന്നതിന് പകരം ചെലവ് കുറഞ്ഞ മറ്റ് വിദേശ രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതാണ് പുതിയ ട്രെന്‍ഡ്.
നാലാംഗങ്ങളുള്ള കുടുംബം നാട്ടില്‍ വന്ന് പോകണമെങ്കില്‍ രണ്ടര ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവ് വരും. ഈ പൈസയ്ക്ക് മറ്റ് വിദേശ രാജ്യങ്ങളില്‍ പോയി കറങ്ങാനാണ് പലരുടെയും പ്ലാന്‍. ജോര്‍ജിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് അവധിക്കാല യാത്രയ്ക്ക് ചെലവ് കുറഞ്ഞതാണ് യാത്രാ പദ്ധതികള്‍ മാറ്റം വരാനുള്ള കാരണം. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കെയ്റോ, ഇസ്താംബൂള്‍, മാലെ തുടങ്ങിയ നഗരങ്ങളിലേക്ക് 1200-1300 ദിര്‍ഹത്തിന് ടിക്കറ്റ് ലഭ്യമാണ്.
ഗള്‍ഫില്‍ നിന്ന് കേരളത്തില്‍ വന്നു പോകണമെങ്കില്‍ 14,000 ദിര്‍ഹമെങ്കിലും ചെലവാക്കേണ്ടിവരും. വലിയ തുക മുടക്കി നാട്ടിലേക്ക് പോയി വരുന്നതിന് പകരം ഇത്തരം പുതിയ ലൊക്കേഷനുകളിലേക്ക് പോകുന്ന പ്രവാസികളുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. അവധിക്കാലത്ത് എല്ലായിപ്പോഴും വിമാന ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും ഭൂരിഭാഗം പേരും നാട്ടിലേക്ക് വരാറുണ്ട്. എന്നാല്‍ ഇത്തവണ ഇന്‍ഡിഗോ പ്രതിസന്ധിയും ഡിസംബര്‍ 15ന് ശേഷം കേന്ദ്ര സര്‍ക്കാര്‍ വിമാനടിക്കറ്റ് നിരക്കിലെ നിയന്ത്രണം പിന്‍വലിച്ചതും നാട്ടിലേക്കുള്ള യാത്ര മാറ്റിവയ്ക്കാന്‍ പ്രവാസികളെ പ്രേരിപ്പിച്ചുവെന്നാണ് മനസ്സിലാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |