ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളിൽ നിന്ന് ഉയർന്നു വന്ന് കലാരംഗത്തും കായിക രംഗത്തും സിനിമയിലും ഒക്കെ ഉയരങ്ങളിലെത്തിയ നിരവധി പ്രതിഭകൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ രണ്ട് പ്രതിഭകളെക്കുറിച്ചാണ് മുംബയ് ഇന്ത്യൻസിന്റെ ഉടമയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണുമായ നിത അംബാനി വെളിപ്പെടുത്തിയത്. ഐ.പി.എല്ലിൽ തിളങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ ഹാർദിക് പാണ്ഡ്യയെയും ക്രുനാൽ പാണ്ഡ്യയെയും കുറിച്ചായിരുന്നു നിത അംബാനി പറഞ്ഞത്.
ഹാർദിക് പാണ്ഡ്യയും ക്രുനാൽ പാണ്ഡ്യയും മുംബയ് ഇന്ത്യൻസ് ടീമിലെത്തിയതിനെ കുറിച്ചായിരുന്നു ബോസ്റ്റണിൽ നടന്ന പരിപാടിയിൽ വച്ച് നിത അംബാനി തുറന്നു പറഞ്ഞത്. ക്രിക്കറ്റ് ക്യാമ്പിൽ വച്ചാണ് ഇരുവരെയും താൻ ആദ്യമായി കാണുന്നതെന്ന് നിത അംബാനി പറഞ്ഞു. കൈയിൽ പണമില്ലാത്തതിനാൽ കഴിഞ്ഞ മൂന്നുവർഷമായി മാഗി നൂഡിൽസ് മാത്രമാണ് തങ്ങൾ കഴിച്ചിരുന്നതെന്നാണ് അവർ അന്ന് പറഞ്ഞതെന്ന് നിത അംബാനി ഓർമ്മിക്കുന്നു. അവരിൽ ക്രിക്കറ്റിനോടുള്ള പാഷനും അഭിനിവേശവും ചുറുചുറുക്കും കണ്ടു. അത് അവരെ ഉന്നതനിലയിലെത്തിച്ചു. ആ രണ്ട് ചെറുപ്പക്കാർ ഹാർദിക് പാണ്ഡ്യയും ക്രുനാൽ പാണ്ഡ്യയും ആയിരുന്നു. നിത പറഞ്ഞു.
ഐ.പി.എല്ലിൽ താരങ്ങളെ വാങ്ങുന്നതിന് ഒരു നിശ്ചിത ബഡ്ജറ്റുണ്ട്. അതിനാൽ പുതിയ താരങ്ങളെ കണ്ടെത്തുന്നതിന് പുതിയ മാർഗങ്ങൾ തേടേണ്ടി വന്നു. അതിനുവേണ്ടി രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ എന്റെ സംഘം പോകുമായിരുന്നു. ഒരു ദിവസം എന്റെ സംഘാംഗങ്ങൾ രണ്ട് മെലിഞ്ഞ താരങ്ങളുമായാണ് ക്യാമ്പിലെത്തിയതെന്നും നിത അംബാനി ഓർത്തെടുത്തു.
2015ലാണ് ഹാർദിക് പാണ്ഡ്യ മുംബയ് ഇന്ത്യൻസിലെത്തുന്നത്. ഐ.പി.എൽ ലേലത്തിൽ 10000 യു.എസ് ഡോളറിനാണ് ഹാർദിക് പാണ്ഡ്യയെ മുംബയ് ഇന്ത്യൻസ് സ്വന്തമാക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ ഹാർദിക് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗമാകുകയും ചെയ്തു. ഇന്ന് പാണ്ഡ്യ മുംബയ് ഇന്ത്യൻസിന്റെ അഭിമാന ക്യാപ്ടനാണെന്നും നിത അംബാനി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |