ഫൈനലുറപ്പിച്ചത് 2 റണ്ണിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിൽ
നിർണായകമായത് സൽമാൻ നിസാറിന്റെ ഹെൽമെറ്റിൽ തട്ടി ലഭിച്ച ക്യാച്ച്
അഹമ്മദാബാദ് : ട്വിസ്റ്റുകൾക്കൊടുവിൽ സൽമാൻ നിസാറിന്റെ ഹെൽമറ്റ് രക്ഷകവേഷമണിഞ്ഞ സെമിയിൽ ഗുജറാത്തിനെ മറികടന്ന് കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിൽ . മത്സരം സമനിലയായെങ്കിലും രണ്ടേ രണ്ട് റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ പിൻബലത്തിലാണ് രഞ്ജി ചരിത്രത്തിലെ ഏറ്രവും നാടകീയമായ സെമികടന്ന് കേരളം ഫൈനലിലെത്തിയത്.
കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 457നെതിരെ ഗുജറാത്ത് 455ലെത്തിയപ്പോൾ അവസാന വിക്കറ്റ് വീഴ്‌ത്താൻ സൽമാന്റെ ഹെൽമറ്ര് കേരളത്തിന്റെ പന്ത്രണ്ടാമനായിമാറി. ബൗണ്ടറിയാകുമായിരുന്ന നഗ്വാസ്‌വാലയുടെ ഷോട്ട് ഷോർട്ട്ലെഗിൽ ഫീൽഡ്ചെയ്ത സൽമാൻ നിസാറിന്റെ ഹെൽമറ്റിൽത്തട്ടിത്തെറിച്ച് ബാറ്റർക്കും കീപ്പർക്കും മുകളിലൂടെ തിരിച്ചു പറന്ന് സ്ലിപ്പിൽ കേരളാ ക്യാപ്ടൻ സച്ചിൻ ബേബിയുടെ കൈകളിൽ വിശ്രമിച്ചതോടെയാണ് ചരിത്രം പിറന്നത്.
ആ ഹെൽമറ്റ് ചില്ലിട്ട് സൂക്ഷിക്കും
സൽമാന്റെ ജീവനും കേരളത്തിന്റെ കളിയും സേവ് ചെയ്ത ആ ഹെൽമെറ്റ് ചില്ലിട്ട് സൂക്ഷിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു.
ക്വാർട്ടർ ഫൈനലിൽ ഒരു റൺ ലീഡിൽ ജമ്മുകാശ്മീരിനെ മറികടക്കാൻ കേരളത്തെ തുണച്ചത് സൽമാന്റെ സെഞ്ച്വറിയായിരുന്നു.
ഫൈനലിൽ വിദർഭ
മറ്റൊരു സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ മുംബയ്‌യെ തോൽപ്പിച്ച വിദർഭയാണ് 26ന് തുടങ്ങുന്ന ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ.68 വർഷത്തെ ഫസ്റ്റ് ക്ലാസ് ചരിത്രത്തിൽ ആദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലിൽ എത്തുന്നത്.
ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ (177) കേരള ബാറ്രർ മുഹമ്മദ് അസ്‌ഹറുദ്ദീനാണ് സെമിയിലെ താരം.
സ്കോർ: കേരളം 457/10, 114/4. ഗുജറാത്ത് 455/10.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |