കൊച്ചി: സാധാരണക്കാരുടെ കോടികൾ തട്ടിയ ആതിര ഗോൾഡ് ആൻഡ് സിൽക്‌സിന് സ്വർണ, പണ നിക്ഷേപങ്ങൾ സ്വീകരിക്കാൻ ലൈസൻസില്ലെന്ന് സൂചന. സ്ഥിരീകരിക്കാൻ പൊലീസ് റിസർവ് ബാങ്കിനെ സമീപിച്ചു. ഇത്തരം നിക്ഷേപങ്ങൾ സ്വീകരിക്കാൻ ലൈസൻസ് നിർബന്ധമാണ്. ആർ.ബി.ഐയുടെ റിപ്പോർട്ട് ഇന്നോ നാളെയോ കിട്ടിയേക്കും.
ആതിര ഗോൾഡ് എം.ഡി ആർ.ജെ. ആന്റണിയും സഹോദരങ്ങളായ ജോസ്, ജോബി, ജോൺസൺ എന്നിവരും അറസ്റ്റിലായതിന് പിന്നാലെ പരാതിപ്രളയമാണ്.
സ്വർണച്ചിട്ടിക്ക് പുറമെ, പഴയ സ്വർണം നൽകിയാൽ പുതിയ സ്വർണം വാഗ്ദാനം ചെയ്തുള്ള സ്‌കീമുകളും പ്രഖ്യാപിച്ചായിരുന്നു തട്ടിപ്പ്. ആതിര ഗോൾഡിന്റെ സ്ഥാപനങ്ങൾ ഒരു സുപ്രഭാതത്തിൽ പൂട്ടിയതോടെയാണ് സ്ഥാപനം പൊളിഞ്ഞെന്ന് നിക്ഷേപകർ അറിഞ്ഞത്.
മുനമ്പം പള്ളിപ്പുറം ആസ്ഥാനമായ സ്ഥാപനത്തിലെ നിക്ഷേപകരെല്ലാം വൈപ്പിൻ, പറവൂർ, കൊടുങ്ങല്ലൂർ, ചെറായി പ്രദേശത്തുകാരാണ്. മക്കളുടെ വിവാഹം മുന്നിൽക്കണ്ട് പണം നിക്ഷേപിച്ചവരും തട്ടിപ്പിന് ഇരയായി.
സ്വകാര്യ ബാങ്കിൽ നിന്ന് സ്ഥാപനം വൻതുക വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് ഈ മാസം എറണാകുളത്തെ ഇവരുടെ സ്ഥാപനം കണ്ടുകെട്ടി.
പ്രതികളെ ഇന്നലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. നിക്ഷേപകരിൽ നിന്ന് സ്വരൂപിച്ച പണവും സ്വർണവും എവിടേക്ക് മാറ്റിയെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
സ്വർണവില കുതിപ്പിൽ കാലിടറി
സ്വർണവില പിടിവിട്ട് ഉയർന്നതാണ് ആതിര ഗോൾഡ് ആൻഡ് സിൽക്‌സ് കമ്പനിക്ക് വിനയായത്. ബുക്ക് ചെയ്തനിരക്കിൽ നിശ്ചിത വർഷത്തിനുശേഷം, സ്വർണം നൽകാമെന്ന വിവ്യസ്ഥയിലായിരുന്നു നിക്ഷേപങ്ങൾ സ്വീകരിച്ചത് . സ്വർണവില കുതിച്ചതോടെ കാര്യങ്ങൾ കൈവിട്ടു. സ്ഥാപനം ബാങ്ക് കണ്ടുകെട്ടിയതും വസ്ത്രവ്യാപാരത്തിൽ നിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതും തിരിച്ചടിയായി. നിക്ഷേപ കാലാവധി കഴിഞ്ഞതോടെ കൂടുതൽ ആളുകൾ സ്വർണത്തിനായി എത്തിയപ്പോഴാണ് സ്ഥാപനം പൂട്ടേണ്ടിവന്നത്.
എട്ടര വർഷത്തിനിടെ ഒരു
വൻകിട പദ്ധതിയുണ്ടോ :
ചെന്നിത്തല
തൃശൂർ: കഴിഞ്ഞ എട്ടര വർഷത്തിനിടെ കേരളത്തിന്റെ വികസനത്തിനായി കൊണ്ടുവന്ന ഒരു വൻകിട പദ്ധതിയെങ്കിലുമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന യാത്രഅയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.ഒ.യു ഒപ്പിട്ടാൽ വ്യവസായം വരുമോ. ആഗോള നിക്ഷേപക സംഗമം നടത്തുന്നത് നല്ലതാണ്. എന്നാൽ മുൻ നിക്ഷേപക സംഗമത്തിന്റെ ഭാഗമായി കേരളത്തിൽ ഏത് പദ്ധതിയാണ് നടപ്പിലാക്കപ്പെട്ടത്. ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ താത്പര്യമില്ലാത്ത സർക്കാരാണ് രാഷ്ട്രീയക്കാരായ പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും മുൻകാല പ്രാബല്യത്തോടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചത്.
പാവപ്പെട്ടവരുടെ അത്താണിയായ കോടതിയെ സമീപിക്കാനുള്ള ചെലവ് പോലും ബഡ്ജറ്റിലൂടെ വർദ്ധിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എസ്.ബിനോജ് അദ്ധ്യക്ഷത വഹിച്ചു. പി.രാമചന്ദ്രൻ സ്വാഗതവും പി.ജി.പ്രകാശ് നന്ദിയും പറഞ്ഞു.
ഗാർഹിക പീഡനം:
സംരക്ഷണ ഉദ്യോഗസ്ഥരെ
നിയമിച്ച് ബീഹാർ
പാട്ന: ഗാർഹിക പീഡനത്തിനിരയായവരെ സഹായിക്കാനും ശാക്തീകരിക്കാനുമായി 140 സംരക്ഷണ ഉദ്യോഗസ്ഥരെ നിയമിക്കാനൊരുങ്ങി ബീഹാർ. സബ് ഡിവിഷൻ,ജില്ലാ,സംസ്ഥാന തലങ്ങളിൽ സാമൂഹ്യക്ഷേമ വകുപ്പാണ് പ്രത്യേക കേഡർ രൂപീകരിക്കുന്നത്. സംസ്ഥാനത്ത് ഗാർഹിക പീഡന കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണിത്. ഗാർഹിക പീഡനക്കേസുകൾ ഫലപ്രദമായി നേരിടാൻ മുഴുവൻ സമയ ഉദ്യോഗസ്ഥരെ നിയമിക്കാൻ സാമൂഹ്യക്ഷേമ വകുപ്പ് തീരുമാനിച്ചതായി അഡിഷണൽ ചീഫ് സെക്രട്ടറിയും ബീഹാർ വനിതാ ശിശു വികസന കോർപ്പറേഷൻ ചെയർമാനുമായ 'ഹർജോത് കൗർ ബംറ' പറഞ്ഞു. ഇതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. പ്രത്യേക കേഡർ നിർമ്മിച്ച് സംസ്ഥാനത്തുടനീളം 140 പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കും. സംസ്ഥാനതലത്തിൽ ഒരു മുതിർന്ന ഉദോഗസ്ഥനാകും മുഴുവൻ കാര്യങ്ങളും നിയന്ത്രിക്കുക. കൂടാതെ 101 പേരെ സബ് ഡിവിഷൻ തലത്തിലും 38 പേരെ ജില്ലാ തലത്തിലും നിയമിക്കുമെന്ന് ഹർജോത് കൗർ ബംറ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |