തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായി നാലാം ദിവസവും ഇടിവ്. ഇന്ന് പവന് 440 രൂപ കുറഞ്ഞ് 71,440 രൂപയായി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 8,930 രൂപയുമായി, ഇന്നലെ പവന് 680 രൂപ കുറഞ്ഞ് 71,880 രൂപയായിരുന്നു. സ്വർണത്തിലുളള തുടർച്ചയായ ഇടിവ് ആഭരണങ്ങൾ വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസമായിരിക്കുകയാണ്.
ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂൺ 14,15 തീയതികളിലായിരുന്നു. അന്ന് പവന് 74,560 രൂപയും ഗ്രാമിന് 9,320 രൂപയുമായിരുന്നു നിരക്ക്. ഈ മാസത്തെ ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂൺ ഒന്നിനായിരുന്നു. അന്ന് പവന് 71,360 രൂപയും ഗ്രാമിന് 8,920 രൂപയുമായിരുന്നു. രാജ്യാന്തര വിപണിയിലെ സ്വർണവില, ഡോളറിനെതിരെ രൂപയുടെ മൂല്യം, ഇറക്കുമതി തീരുവ എന്നിവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ ഉപഭോക്താക്കൾ സ്വർണം വാങ്ങുന്നതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിച്ചതോടെയാണ് സ്വർണവിലയിൽ ഇടിവ് സംഭവിച്ചതെന്നാണ് സൂചന. അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് കുറയുന്നതോടെ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് എളുപ്പമാകും. ഇതോടെ കൂടുതല്‍ പേര്‍ സ്വര്‍ണം വാങ്ങാന്‍ തയ്യാറാകുമെന്നാണ് ആഗോള വിപണി കണക്കുക്കൂട്ടുന്നത്.
അതേസമയം, സംസ്ഥാനത്തെ വെളളിവിലയിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 117.80 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 117,800 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 117.90 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |