കൊച്ചി: ഇന്ത്യൻ കുടുംബങ്ങളുടെ കൈവശമുള്ള സ്വർണശേഖരം 25,000 ടൺ കവിയുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ. രാജ്യാന്തര വിപണിയിലെ വില അടിസ്ഥാനമാക്കിയാൽ ഇത്രയും സ്വർണത്തിന്റെ മൂല്യം 210 ലക്ഷം കോടി രൂപയിൽ (2.4 ലക്ഷം കോടി ഡോളർ) അധികമാണ്. നടപ്പുവർഷത്തിൽ ഇന്ത്യ ലക്ഷ്യമിടുന്ന മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) മൂല്യത്തിന്റെ 56 ശതമാനം തുകയാണിത്.
ഇറ്റലി, കാനഡ തുടങ്ങിയ വികസിത രാജ്യങ്ങളുടെ ജി.ഡി.പിയേക്കാൾ ഉയർന്ന മൂല്യമാണ് ഇന്ത്യൻ കുടുംബങ്ങളുടെ കൈവശമുള്ള സ്വർണത്തിനുള്ളത്. ഇറ്റലിയുടെ ജി.ഡി.പി 2.4 ലക്ഷം കോടി ഡോളറും കാനഡയുടെ ജി.ഡി.പി 2.33 ലക്ഷം കോടി ഡോളറുമാണ്. 2000-11 സാമ്പത്തിക വർഷം മുതൽ വിലയിൽ വൻകുതിപ്പുണ്ടായതോടെയാണ് ഇന്ത്യൻ കുടുംബങ്ങളുടെ സ്വർണ ആസ്തി തുടർച്ചയായി ഉയരുന്നത്. വിലയിൽ വൻ കുതിപ്പുണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ ഉപഭോക്താക്കൾ 782 ടൺ സ്വർണമാണ് വാങ്ങികൂട്ടിയതെന്ന് വേൾഡ് ഗോൾഡ് അസോസിയേഷൻ വ്യക്തമാക്കുന്നു. കോവിഡ് വ്യാപന സമയത്തേക്കാൾ 15 ശതമാനം വർദ്ധനയാണ് കഴിഞ്ഞ വർഷമുണ്ടായത്.
രാജ്യാന്തര വില 3,500 ഡോളറാകും
ആഗോള മേഖലയിലെ രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,500 ഡോളർ വരെ ഉയരാൻ കാരണമാകുമെന്ന് പ്രമുഖ ധനകാര്യ ഏജൻസിയായ യു.ബി.എസ് പ്രവചിക്കുന്നു. ഇതോടെ കേരളത്തിൽ പവൻ വില 75,000 രൂപയിലേക്ക് ഉയർത്തും. ഇന്നലെ സംസ്ഥാനത്ത് പവൻ വില 200 രൂപ വർദ്ധിച്ച് 73,880 രൂപയിലായി.
വിലക്കുതിപ്പിന് അനുകൂലം
1. ഇറാനും ഇസ്രയേലുമായുള്ള യുദ്ധത്തിൽ അമേരിക്കയും പങ്കാളിയായാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയമേറും
2. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾ അമേരിക്കയിൽ നാണയപ്പെരുപ്പം രൂക്ഷമാക്കുന്നതിനാൽ ഡോളർ കൂടുതൽ ദുർബലമായേക്കും
3. ഓഹരി, നാണയ, കമ്പോള വിപണികൾ കനത്ത അനിശ്ചിതത്വങ്ങളിലേക്ക് നീങ്ങുന്നതിനാൽ കേന്ദ്ര ബാങ്കുകളും വൻകിട നിക്ഷേപകരും സ്വർണം വാങ്ങിക്കൂട്ടുന്നു
4. മികച്ച സാമ്പത്തിക വളർച്ചയുടെ കരുത്തിൽ ചൈന, ഇന്ത്യ തുടങ്ങിയ വിപണികളിൽ ചെറുകിട നിക്ഷേപകർ വലിയ തോതിൽ സ്വർണം വാങ്ങുന്നു.
റെക്കാഡ് സ്വർണ ശേഖരവുമായി റിസർവ് ബാങ്ക്
അമേരിക്കൻ ഡോളറിന്റെ ചാഞ്ചാട്ടം ശക്തമായതോടെ വിദേശ നാണയ ശേഖരത്തിൽ റിസർവ് ബാങ്ക് സ്വർണത്തിന്റെ അളവ് കൂട്ടുന്നു. നടപ്പുവർഷം മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണ ശേഖരം 879.58 ടണ്ണായി ഉയർന്നു. ഇന്ത്യയുടെ മൊത്തം വിദേശ നാണയ ശേഖരത്തിലെ സ്വർണത്തിന്റെ അളവ് 12 ശതമാനമായി ഉയർന്നു. മുൻവർഷം മൊത്തം ശേഖരത്തിന്റെ 8.3 ശതമാനമായിരുന്നു സ്വർണം. ഇതോടൊപ്പം വിദേശത്ത് സൂക്ഷിക്കുന്ന സ്വർണം പൂർണമായും നാട്ടിലെത്തിക്കാനും ഇന്ത്യ ശ്രമം ശക്തമാക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |