ന്യൂഡൽഹി: മികച്ച തയ്യാറെടുപ്പോെടെ ഇന്ത്യയ്‌ക്ക് ആഗോളതലത്തിൽ ശക്തരാകാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
21-ാം നൂറ്റാണ്ടിലെ നയങ്ങളും തന്ത്രങ്ങളുമായി കേന്ദ്രസർക്കാർ മുന്നേറ്റത്തിന്റെ പാതയിലാണെന്നും പറഞ്ഞു. അസാമിലെ ഗുവാഹത്തിയിൽ നിക്ഷേപ-അടിസ്ഥാന സൗകര്യ ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ച വിദഗ്ദ്ധർ ഏകകണ്ഠമായി അംഗീകരിക്കുന്നു. 25 വർഷത്തെ ദീർഘകാല കാഴ്ചപ്പാടോടെയാണ് ഇന്നത്തെ ഇന്ത്യ പ്രവർത്തിക്കുന്നത്. വൈദഗ്ദ്ധ്യവും നൂതനാശയങ്ങളുമായി അതിവേഗം മാറുന്ന ഇന്ത്യയിലെ യുവജനതയിൽ ലോകം പ്രതീക്ഷയർപ്പിക്കുന്നു.
21-ാം നൂറ്റാണ്ടിലെ ലോകത്തിന്റെ പുരോഗതി ഡിജിറ്റൽ വിപ്ലവം, നൂതനാശയം, സാങ്കേതിക പുരോഗതി എന്നിവയെ ആശ്രയിച്ചാണ്. ഇലക്‌ട്രോണിക്‌സ്, മൊബൈൽ നിർമ്മാണരംഗത്ത് കഴിഞ്ഞ ദശകത്തിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചു. സെമികണ്ടക്ടർ ഉത്പാദന രംഗത്തും ഈ വിജയഗാഥ ആവർത്തിക്കാനുള്ള ശ്രമത്തിലാണ്. ഐ.ഐ.ടികളുമായി ചേർന്ന് സെമികണ്ടക്ടർ മേഖലയിലെ നൂതനാശയങ്ങൾക്കായി പ്രവർത്തിക്കുന്നു. രാജ്യത്ത് ഒരു സെമികണ്ടക്ടർ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. ഈ ദശകത്തിന്റെ അവസാനത്തോടെ ഇലക്‌ട്രോണിക് മേഖലയുടെ മൂല്യം 500 ബില്യൺ ഡോളറിലെത്തും ഇന്ത്യയ്‌ക്ക് സെമികണ്ടക്ടർ ഉത്പാദന മേഖലയിൽ പ്രധാന ശക്തിയായി ഉയരാനും ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അസാം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കേന്ദ്ര മന്ത്രിമാരായ ഡോ. എസ്. ജയ്ശങ്കർ, സർബാനന്ദ സോനോവാൾ, ജ്യോതിരാദിത്യ സിന്ധ്യ, ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹ, കേന്ദ്ര സഹമന്ത്രി പബിത്ര മാർഗരിറ്റ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |