വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള ഡൊണാൾഡ് ട്രംപിന്റെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ പങ്കെടുത്ത് ശതകോടീശ്വരൻ ഇലോൺ മസ്ക്. ഇന്നലെ വൈറ്റ് ഹൗസിൽ നടന്ന യോഗത്തിൽ ക്യാബിനറ്റ് സെക്രട്ടറിമാർക്കൊപ്പമാണ് ക്യാബിനറ്റ് പദവി ഇല്ലാത്ത മസ്കും പങ്കാളിയായത്.
ട്രംപിന്റെ മുതിർന്ന ഉപദേശക സ്ഥാനമാണ് നിലവിൽ മസ്കിന്. പുതുതായി സൃഷ്ടിച്ച സർക്കാർ കമ്മിഷനായ ഡോഷിന്റെ ( DOGE- ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി) തലപ്പത്ത് മസ്കിനെ ട്രംപ് നിയമിച്ചിരുന്നു. സർക്കാരിന്റെ പാഴ്ച്ചെലവുകൾ വെട്ടിക്കുറയ്ക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക തുടങ്ങിയവയാണ് ഡോഷിന്റെ ദൗത്യങ്ങൾ.
ഡോഷിന്റെ പേരിൽ ഫെഡറൽ ഏജൻസികൾക്ക് മേൽ മസ്കിന്റെ കൈകടത്തൽ ശക്തമാകുന്നതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. വിദേശ സഹായം വെട്ടിച്ചുരുക്കാനും ഫെഡറൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ഡോഷ് നിർദ്ദേശിച്ചിരുന്നു. മസ്കുമായുള്ള ഭിന്നത മൂലം 21 ഉദ്യോഗസ്ഥർ ഡോഷിൽ നിന്നും രാജിവച്ചു.
ഡോഷ് മേധാവി മസ്‌ക് അല്ല !
ശരിക്കും മസ്ക് ആണോ ഡോഷിന്റെ തലവൻ ? യു.എസിലെ ഒരു ഫെഡറൽ ജഡ്ജിയുടേത് ആണ് ചോദ്യം. ഡോഷ് മസ്കിന്റെ ആശയമാണ്. എന്നാൽ അദ്ദേഹം അതിന്റെ മേധാവിയോ അതിലെ ജോലിക്കാരനോ അല്ലെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. !
മുൻ യു.എസ് ഡിജിറ്റൽ സർവീസ് ഉദ്യോഗസ്ഥ എമി ഗ്ലീസൺ ആണ് ഡോഷിന്റ് ആക്ടിംഗ് അഡ്മിനിസ്ട്രേറ്റർ എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഡോഷിന്റെ പ്രവർത്തനം എങ്ങനെയെന്നതിന്റെ പേരിൽ ചോദ്യങ്ങൾ ശക്തമാകവെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.
എന്നാൽ ഡോഷിന്റെ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല ട്രംപ് മസ്കിനെ ഏൽപ്പിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ് പറഞ്ഞു. ട്രംപിന്റെ മുതിർന്ന ഉപദേഷ്ടാവായ മസ്ക് വൈറ്റ് ഹൗസ് ഓഫീസ് ജീവനക്കാരനാണെന്നും അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |