കൊച്ചി: കെനിയയിലെ ആംബോസെലി നാഷണൽ പാർക്കിൽ ലോകത്തെ വലിയ ആനയായിരുന്ന 'ആംബോസെലി ടിമ്മിന്റെ' പൂർണകായശില്പം ഒരുക്കാനൊരുങ്ങുകയാണ് സൂരജ്. ഇതു സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ടിമ്മിന്റെ തട്ടകത്തിൽ തന്നെ അവന്റെ ശില്പം നിർമ്മിക്കണമെന്നതാണ് വടക്കൻ പറവൂർ നമ്പ്യാട്ട് വീട്ടിൽ സൂരജിന്റെ ആഗ്രഹം.
ടിമ്മിനോടുള്ള ആരാധനയിലാണ് പറവൂരിലെ പണിശാലയ്‌ക്ക് മുന്നിൽ സിമന്റിൽ അവന്റെ പൂർണകായ ശില്പം സ്ഥാപിച്ചത്. അതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലിട്ടപ്പോഴാണ് ഏതാനുദിവസം മുമ്പ് കെനിയയിൽ നിന്ന് വിളിയെത്തിയത്.
1969ൽ ജനിച്ച ടിമ്മായിരുന്നു 2020 വരെ ലോകത്തെ ഉയരംകൂടിയ ആന-11.4 അടി. ഭാരം ആറ് ടൺ. ഒരു കൊമ്പിന് മാത്രം 160 കിലോ. ആനവേട്ടക്കാരുടെ നോട്ടപ്പുള്ളിയായിരുന്ന ടിമ്മിന് ആംബോസെലി നാഷണൽ പാർക്കിൽ പ്രത്യേക സുരക്ഷയുണ്ടായിരുന്നു. 2020 ഫെബ്രുവരി അഞ്ചിന് ചരിഞ്ഞു. രണ്ടു മാസം കൊണ്ടാണ് സൂരജ് ടിമ്മിന്റെ ശില്പം നിർമ്മിച്ചത്. ചെലവ് മൂന്ന് ലക്ഷം.
ആന ശില്പങ്ങളാണ് സൂരജിന്റെ ഉപജീവനമാർഗം. പാമ്പാടി രാജൻ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, മംഗലാംകുന്ന് കർണൻ എന്നിവയുടെ മിനിയേച്ചറുകൾ സൂരജിനെ പ്രശസ്തനാക്കി. ശ്രീലങ്കൻ ആനയായ നടുങ്കമുഖരാജയെ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഭാര്യ: ബിനിത. മക്കൾ: ജാനി, ജോഹാൻ.
'ആനമേക്കറുടെ ആനക്കമ്പം"
തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദാനന്തരബിരുദം നേടിയ സൂരജ് അവിചാരിതമായാണ് ആനകളുടെ ശില്പ നിർമ്മാണത്തിലേക്ക് എത്തുന്നത്. പി.ജി അവസാനവർഷ പ്രോജക്ടിനായി തിരഞ്ഞെടുത്ത 'ഇന്ത്യൻ ആനകളുടെ സൗന്ദര്യസവിശേഷതകൾ" എന്ന വിഷയം ആനകളിലേക്ക് അടുപ്പിച്ചു. കൂട്ടുകാർ കളിയാക്കിവിളിച്ച ആനമേക്കർ എന്ന പേരുതന്നെ സ്ഥാപനത്തിന് നൽകി. മൂന്നാറിലെ പടയപ്പയുടെ ശില്പവും പണിശാലയുടെ മുറ്റത്ത് തലയെടുപ്പോടെയുണ്ട്
ആംബോസെലി നാഷണൽ പാർക്കിൽ ടിമ്മിനെ നിർമ്മിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു
സൂരജ് നമ്പ്യാട്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |