കൊച്ചി: റോഡ് തടഞ്ഞുള്ള സമ്മേളനങ്ങളിൽ നടപടിയെടുക്കുന്നതിൽ സർക്കാരിന് രണ്ടുതരം സമീപനമാണോയെന്ന് ഹൈക്കോടതി. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ കെട്ടിയ ടാർപോളിൻ പൊലീസ് അഴിച്ചുനീക്കി. എന്നാൽ കണ്ണൂരിൽ സി.പി.എം റോഡിൽ പന്തൽ കെട്ടി നടത്തിയ പ്രതിഷേധത്തിൽ ഒരു നടപടിയുമുണ്ടായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം വഞ്ചിയൂരിലടക്കം ഗതാഗതം തടസപ്പെടുത്തി യോഗങ്ങൾ നടത്തിയതിനെതിരായ കോടതി അലക്ഷ്യ ഹർജികൾ പരിഗണിക്കവേയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.
കണ്ണൂരിലേത് പ്രതിഷേധപരിപാടിയാണെന്നും തത്സമയ നടപടിക്ക് പിരിമിതിയുണ്ടെന്നും സർക്കാർ വിശദീകരിച്ചു. കേസെടുത്തിട്ടുണ്ടെന്നും അറിയിച്ചു.
വഞ്ചിയൂരിലേത് പാർട്ടി ഏരിയാ സമ്മേളനമായിരുന്നെന്നും റോഡിൽ സ്റ്റേജ് കെട്ടി നാടകം കളിച്ചെന്നും കോടതി ഓർമ്മിപ്പിച്ചു. പന്തൽ നീക്കാൻ പൊലീസ് ശ്രമിച്ചപ്പോൾ പാർട്ടി ഭാരവാഹി തടയുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതുകൊണ്ടായില്ല. മോട്ടോർവാഹന നിയമത്തിൽ ശക്തമായ വകുപ്പുകളുണ്ട്. പൊതുമുതൽ നശിപ്പിക്കുന്നതിനെതിരായ നിയമങ്ങളുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തു നടപടിയെടുത്തെന്നാണ് അറിയേണ്ടത്. കോടതിയുടെ പരിഗണനയിലുള്ള ഹർജികളിൽ നിയമലംഘകർക്കെതിരെ ഏതെല്ലാം വകുപ്പുകൾ ചുമത്തിയെന്നും തുടർ നടപടിയെന്തായെന്നും വ്യക്തമാക്കുന്ന പട്ടിക സർക്കാർ ഒരാഴ്ചയ‌്‌ക്കകം സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ചീഫ് സെക്രട്ടറിയുടെ
മറുപടിയിൽ അതൃപ്തി
ഗതാഗതം തടസപ്പെടുത്തുന്ന പരിപാടികൾക്കെതിരെ ജനുവരിയിൽ പുതിയ സർക്കുലർ ഇറക്കിയെന്നറിയിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ കോടതിയിൽ ഇന്നലെ അധിക സത്യവാങ്മൂലം സമർപ്പിച്ചു. വഞ്ചിയൂരിൽ കണ്ടാലറിയാവുന്ന 500 പേർക്കെതിരെയും കൊച്ചിയിലെ കോൺഗ്രസ് ധർണയിൽ 149 പേർക്കെതിരെയും ജോയിന്റ് കൗൺസിൽ ഉപരോധത്തിൽ 10 പേർക്കെതിരെയും കേസെടുത്തെന്നും അന്വേഷണം തുടരുകയാണെന്നും ചീഫ് സെക്രട്ടറി ആവർത്തിച്ചു. ബാലരാമപുരത്തെ വനിത ജ്വാല ജംഗ്ഷൻ പരിപാടിയിൽ ഗതാഗത തടസമുണ്ടായില്ലെന്നും അറിയിച്ചു.
ഇത് മതിയായ വിശദീകരണമായി തോന്നുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എല്ലാ കക്ഷികളുടെയും സത്യവാങ്മൂലങ്ങൾ പരിശോധിക്കും. തുടർന്ന് വാദമുഖങ്ങൾ ഉന്നയിക്കണം. നിയമലംഘകരെ വേണ്ടിവന്നാൽ പ്രോസിക്യൂട്ട് ചെയ്യാൻ നിർദ്ദേശിക്കുമെന്നും കോടതി വാക്കാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |