തൃശൂർ: ചാലക്കുടി പ്രസ് ഫോറത്തിന്‌റെ സമഗ്ര സംഭാവനക്കുള്ള മധു സമ്പാളൂർ സ്മാരക സംസ്ഥാന മാദ്ധ്യമ പുരസ്‌കാരത്തിന് കേരള കൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് അർഹനായി. 11,111 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
മാർച്ച്15ന് വൈകിട്ട് നാലിന് ചാലക്കുടി എസ്.എൻ. ഹാളിൽ പ്രസ് ഫോറം ഒരുക്കുന്ന 'പ്രണാമം' ചടങ്ങിൽ മന്ത്രി ഡോ.ആർ.ബിന്ദു പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികളായ ഭരിത പ്രതാപ്, അക്ഷര ഉണ്ണിക്കൃഷ്ണൻ, അഡ്വ. രമേഷ്‌കുമാർ കുഴിക്കാട്ടിൽ, ഷാലി മുരിങ്ങൂർ, വിത്സൻ മേച്ചേരി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എതാനും ദിവസം മുമ്പ് പ്രഖ്യാപിച്ച മികച്ച ടെലിവിഷൻ അഭിമുഖത്തിനുള്ള സംസ്ഥാന മാദ്ധ്യമ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ അവാർഡ്, വി.കെ.മാധവൻ കുട്ടി സമഗ്ര സംഭാവന പുരസ്‌ക്കാരം,കേരള നിയമസഭ അവാർഡ്, ശിവറാം അവാർഡ്,പാമ്പൻ മാധവൻ സ്മാരക അവാർഡ്,കൃഷ്ണസ്വാമി റെഡ്യാർ അവാർഡ്, തുടങ്ങി പ്രമുഖ അവാർഡുകൾ നേടിയിട്ടുണ്ട്.
തിരുവനന്തപുരം അരുവിയോട് സെന്റ് റീത്താസ് സ്‌കൂൾ അദ്ധ്യാപിക എസ്.എസ്. ദീപയാണ് ഭാര്യ. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ ബി.ബി.എ വിദ്യാർത്ഥി രാജ് ദീപ് ശ്രീധർ മകനാണ്. കൊല്ലം കടപ്പാക്കട കൈരളിയിൽ പരേതരായ വി.കെ. വാസുക്കുട്ടിപ്പണിക്കരുടെയും പി.സതിദേവിയുടെയും മകനാണ്. ഡോ.വി.എസ്.മോഹൻസിംഗ് (മസ്‌ക്കറ്റ് ), വി.എസ്.ഗീതാറാണി (റിട്ട: വി.എസ്.എസ്. സി ) എന്നിവർ സഹോദരങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |