കൊച്ചി: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പാലക്കാട് സ്വദേശി കൊച്ചിയില്‍ പിടിയില്‍. മുഹമ്മദ് ഷബീബ് ആണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്. താന്‍ ഒരു കഫേ നടത്തിയിരുന്നുവെന്നും ഇത് പൂട്ടിപ്പോയെന്നും കടം വീട്ടിയ ശേഷം പുതിയാതായി ഒരു കോഫി ഷോപ്പ് തുടങ്ങാനാണ് താന്‍ ലഹരി കച്ചവടത്തിലേക്ക് തിരിഞ്ഞതെന്നുമാണ് ഷബീബ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പാലക്കാട് നിന്ന് രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ കൊച്ചി നഗരത്തിലെത്തിയത്.
കലൂരിലെ ഒരു വാടക വീട്ടിലായിരുന്നു ഷബീബിന്റെ താമസം. കടം പെരുകിയതോടെയാണ് പണം കണ്ടെത്താന്‍ ലഹരി ഇടപാടിലേക്ക് തിരിഞ്ഞത്. ഇയാളില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് പൊലീസ്. ബംഗളൂരുവില്‍ നിന്നാണ് താന്‍ കേരളത്തിലേക്ക് ലഹരി വസ്തുക്കള്‍ എത്തിച്ച് കൊച്ചി കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിയിരുന്നതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.
യുവാക്കള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഷബീബ് ഇടപാട് നടത്തിയിരുന്നത്. ഷബീബനെ അറസ്റ്റ് ചെയ്ത ശേഷം ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിക്കാനാണ് തീരുമാനം. എംഡിഎംഎ കച്ചവടം നടത്തുന്നതിന്റെ പണം ഇടപാടുകള്‍ യുപിഐ വഴിയാണ് നടത്തിയിരുന്നത്. ഇയാള്‍ അറസ്റ്റിലായത് അറിയാതെ നിരവധിപേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫോണിലേക്ക് വിളിച്ചത്.
ഷബീബിന് ലഹരി എത്തിച്ച് നല്‍കിയിരുന്നവരേയും ഒപ്പം ഇയാളില്‍ നിന്ന് ലഹരി വാങ്ങിയിരുന്നവരേയും കേന്ദ്രീകരിച്ച് അന്വേഷം വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം. ഇയാളുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |