ബംഗളൂരു: 15 ദിവസത്തിലൊരിക്കൽ ബംഗളൂരുവിലെത്തും. 24 മണിക്കൂറിനകം തിരികെ പോകും. ആറ് മാസം, പലയിടത്തായി 59 യാത്ര- മംഗളൂരുവിൽ 75 കോടി രൂപയുടെ എം.ഡി.എം.എയുമായി പിടിയിലായ 2 ദക്ഷിണാഫ്രിക്കൻ സ്ത്രീകളുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ഡൽഹിയിൽ താമസിച്ചിരുന്ന ഇവർ ഇന്ത്യയിലുടനീളം എം.ഡി.എം.എ കടത്തുന്നതിൽ പങ്കാളികളായിരുന്നു.
2016 മുതൽ രാജ്യത്ത് തുടരുകയാണ്. കഴിഞ്ഞ 12 വർഷമായി രണ്ട് പേരും മയക്കുമരുന്ന് സംഘത്തിൽ ഉൾപ്പെട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. 15 ദിവസം കൂടുമ്പോൾ ബാംബ ഫന്റ (31), അബിഗെയിൽ അഡോണിസ് (30) എന്നിവർ ഡൽഹിയിൽ നിന്ന് ബംഗളൂരുവിലെത്തും.
പ്രാദേശിക ലഹരി വിതരണക്കാർക്ക് സ്റ്റോക്ക് നൽകി 24 മണിക്കൂറിനകം തിരിച്ചുപോകും. ബംഗളൂരു, മുംബയ് ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം ലഹരി എത്തിക്കും. ഫന്റ ബിസിനസ് വിസയിലും അഡോണിസ് മെഡിക്കൽ വിസയിലുമാണ് ഇന്ത്യയിലെത്തിയത്. ഇരുവരുടെയും വിസാ കാലാവധി കഴിഞ്ഞിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 59 തവണ ഇവർ ഡൽഹി- മുംബയ്- ബംഗളൂരു യാത്ര നടത്തിയിട്ടുണ്ട്. വിമാനമാർഗമാണ് കൂടുതൽ യാത്രകളും.
അങ്ങനെയെങ്കിൽ ഒരു തവണ പോലും വിമാനത്താവളത്തിൽ പിടിക്കപ്പെട്ടില്ല എന്നത് സംശയാസ്പദമാണെന്ന് പൊലീസ് പറയുന്നു.
കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് മംഗളൂരു പൊലീസ് വ്യക്തമാക്കുന്നു.75 കോടി രൂപ വിലമതിക്കുന്ന 37.87 കിലോഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്.
2024ൽ, പമ്പ്‌വെല്ലിന് സമീപമുള്ള ഒരു ലോഡ്ജിൽ നിന്ന് മയക്കുമരുന്ന് വിൽപന നടത്തിയിരുന്ന ഹൈദർ അലി എന്ന എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുവഴി അലിക്ക് മയക്കുമരുന്ന് നൽകിയിരുന്ന നൈജീരിയൻ പൗരനായ പീറ്റർ ഇകെഡി ബെലോൺവോയെ ബംഗളൂരുവിൽ നിന്ന് പിടികൂടി. ഈ ഓപ്പറേഷനിൽ, 6.248 കിലോഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
തുടർന്ന് ആറ് മാസത്തെ നീണ്ട അന്വേഷണത്തിന് ശേഷമാണ് മംഗളൂരു സിസിബി പൊലീസ് ഒരു വലിയ മയക്കുമരുന്ന് സിൻഡിക്കേറ്റ് കണ്ടെത്തിയത്. ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വിമാനമാർഗം എം.ഡി.എം.എ കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |