ബംഗളൂരു: സ്വർണക്കടത്ത് കേസിൽ പ്രതിയായ കന്നഡ നടി രന്യ റാവു ഇപ്പോൾ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. 12.56 കോടി രൂപ വിലവരുന്ന 14.8 കിലോ സ്വർണമാണ് ഇവർ ദുബായിൽ നിന്നും ഇന്ത്യയിലേക്ക് കടത്തിയത്. മാർച്ച് നാലിനാണ് നടിയെ അറസ്റ്റ് ചെയ്‌തത്. രണ്ടാഴ്‌ചയ്‌ക്കിടെ നാല് തവണ സ്വർണം കടത്തി. ബംഗളൂരുവിൽ അറസ്റ്റിലാകുമ്പോൾ ശരീരത്തിൽ ധരിച്ചും വസ്‌ത്രത്തിൽ ഒളിപ്പിച്ചുമാണ് സ്വർണം ഇവർ കടത്താൻ ശ്രമിച്ചിരുന്നത്.
ഇതിനിടെ കർണാടകയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളായ രന്യ പിടിയിലായതോടെ സംസ്ഥാനത്ത് രാഷ്‌ട്രീയ പോരും മുറുകിയിട്ടുണ്ട്. കർണാടകയിലെ മുതിർന്ന എംഎൽഎയും ബിജെപി നേതാവുമായ ബസൻഗൗഡ പാട്ടിൽ യത്നൽ രന്യയ്‌ക്കെതിരെ അശ്ളീലം കലർന്ന പരാമർശമാണ് നടത്തിയത്.
ബീജാപൂർ എംഎൽഎയായ യത്‌നൽ നടിയെക്കുറിച്ച് 'അവർ ശരീരം മുഴുവൻ സ്വർണം ധരിച്ചു,അവിടെ...ഒളിപ്പിച്ചു ശേഷം കടത്തി.' എന്നാണ് അഭിപ്രായപ്പെട്ടത്. മുൻ കേന്ദ്രമന്ത്രിയാണ് യത്‌നൽ. സംസ്ഥാന ക്യാബിനറ്റിലെ ചില മന്ത്രിമാർക്കും സ്വർണക്കടത്തിൽ പങ്കുണ്ട് എന്ന് യത്‌നൽ ആരോപിച്ചു.
'നടിയുടെ ബന്ധങ്ങളെക്കുറിച്ചും, അവർക്ക് ആര് സുരക്ഷ നൽകി, സ്വർണം എങ്ങനെ കൊണ്ടുവന്നു? അവർ ശരീരത്തിൽ എവിടെയെല്ലാം വച്ച് സ്വർണം ഒളിപ്പിച്ചു കടത്തി ഇതെല്ലാം സഭയിൽ വെളിപ്പെടുത്തും. എല്ലാ വിവരവും എനിക്കറിയാം.' യത്നൽ അവകാശപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |