തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന വിവിധതരം തട്ടിപ്പുകളിൽ 'എന്നെ പറ്റിച്ചോളൂ' എന്നു പറഞ്ഞ് അതിനോട്‌പോയി മലയാളികൾ ചെന്ന് നിൽക്കാതിരിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. തട്ടിപ്പുകളെക്കുറിച്ച് പൊലീസിന്റെതടക്കമുള്ള വിവിധ ഏജൻസികൾ നിരന്തരം മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള ഓഫറുകളോ വാഗ്ദാനങ്ങളോ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ ആദ്യമേ നിയമപരമായ നടപടികളെടുക്കാൻ പൊലീസിന് പരിമിതിയുണ്ട്. ഇത്തരം സ്ഥാപനങ്ങൾ തട്ടിപ്പ് നടത്തുമെന്ന് പറഞ്ഞ് അവർക്കെതിരെകേസെടുക്കാനാവില്ല. തട്ടിപ്പ് നടന്നാൽ കേസെടുക്കും.
സ്ഥാപനങ്ങൾ നൽകുന്ന മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങി തത്കാലം ലാഭം കിട്ടട്ടെയെന്ന് ചിന്തിക്കുമ്പോഴാണ് തട്ടിപ്പിന് അവസരമൊരുങ്ങുന്നത്. ഇത്തരം വാഗ്ദാനങ്ങളിൽ വീഴാതിരിക്കാനുള്ള കരുതലാണ്‌വേണ്ടത്. ഭൂരിഭാഗം സന്നദ്ധ സ്ഥാപനങ്ങളും സദ്ദുദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നവയാണ്. അക്കൂട്ടത്തിൽ തട്ടിപ്പുകൾ നടത്തുന്നവരുണ്ട്. അതോടൊപ്പം വിദേശത്ത് പഠനവും തൊഴിലും വാദഗ്ദാനം ചെയ്യുന്ന ഒരുമേശയും നാല് കസേരയുമിട്ടിരിക്കുന്ന സ്ഥാപനങ്ങളുടെ തൊഴിൽ തട്ടിപ്പിലും ജാഗ്രത വേണം. അവിടെ ചെന്ന്‌നോക്കുമ്പോഴായിരിക്കും ഈ കസേരയുംമേശയും മാത്രമാണുള്ളതെന്ന് മനസിലാകുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ചാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സംസാരിച്ചത്. അതിബുദ്ധമാന്മാരാണെന്ന് ധാരണയുള്ള മലയാളികളാണ് ഇന്ത്യയിൽ കബളിപ്പിക്കുന്നതിലും കബളിപ്പിക്കപ്പെടുന്നതിലൂം കൂടുതൽ.ഒരു മാസം 12 ശതമാനം പലിശ ലഭിക്കുമെന്ന് കരുതി പണം നൽകാൻ തയ്യാറുള്ളവരാണ് മലയാളികൾ. അങ്ങനെ നോക്കിയാൽ ഒരു വർഷം 244 ശതമാനം പലിശ ലഭിക്കുമെന്നാണ് ധാരണ. ഇത്രയും പലിശ ഒരു സ്ഥാപനത്തിനും നൽകാനാവില്ല. പണത്തോടുള്ള അമിതമായ ആഗ്രഹമാണ് ഈ തട്ടിപ്പുകൾക്കെല്ലാം വളമാകുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |