
തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകർ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിമാസ പെൻഷനും അവശ - ആശ്രിത പെൻഷനും വർദ്ധിപ്പിക്കുക, പെൻഷൻ പദ്ധതിക്ക് നിയമപരിരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള ഭാരവാഹികൾ നൽകിയ നിവേദനം സ്വീകരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിരമിച്ച മാദ്ധ്യമ പ്രവർത്തകർ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലും വ്യക്തമാക്കി. നിരവധി പേർക്ക് പെൻഷൻ കുടിശ്ശികയുണ്ടെന്നും ആയിരം രൂപ വർദ്ധിപ്പിച്ചതിൽ ആദ്യം 500 രൂപ മാത്രം അനുവദിച്ചപ്പോൾ കുടിശ്ശിക വന്നിട്ടുണ്ടെന്നും യൂണിയൻ ധനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. മുതിർന്ന മാദ്ധ്യമപ്രവർത്തകർക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും യൂണിയൻ ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ശക്തിധരൻ, വർക്കിംഗ് പ്രസിഡന്റ് കെ. ജനാർദ്ദനൻ നായർ, ജനറൽസെക്രട്ടറി വി.ആർ. രാജമോഹൻ, ട്രഷറർ എം.ടി. ഉദയകുമാർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, സെക്രട്ടറി കെ.പി. രാജശേഖരൻ പിള്ള എന്നിവരടങ്ങുന്ന നിവേദക സംഘമാണ് മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |