
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിനെതിരായ സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ പരാമർശം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ബിനോയ് വിശ്വമല്ല പിണറായി വിജയൻ. ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ലായിരിക്കും. പക്ഷെ, ഞാൻ കയറ്റും. കാറിൽ കയറ്റിയത് ശരിയാണ്. അങ്ങനെതന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, സി.പി.ഐ ചതിയൻ ചന്തുവാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയോടും മുഖ്യമന്ത്രി യോജിച്ചില്ല. സി.പി.ഐ മുന്നണിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ്. ഊഷ്മളമായ ബന്ധമാണുള്ളത്. അവർ ഏതെങ്കിലും തരത്തിലുള്ള ചതിയും വഞ്ചനയും കാണിക്കുന്നുവെന്ന ചിന്ത സി.പി.എമ്മിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരുന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ നയിക്കുന്നത് പിണറായി വിജയനാണോ എന്നു തീരുമാനിക്കേണ്ടതു പാർട്ടിയാണ്. അതു പിന്നീട് തീരുമാനിക്കും. അതു താനല്ല പറയേണ്ടത്. അതാണ് പൊതുരീതി. സമയമാകുമ്പോൾ ചർച്ച ചെയ്തു തീരുമാനിക്കും.
ബംഗളൂരുവിലെ കോഗിലു ബുൾഡോസർ നടപടി ശിവഗിരിയിലെത്തിയ സിദ്ധരാമയ്യയുമായി സംസാരിക്കാനായില്ല. കർണാടക മുഖ്യമന്ത്രി എത്തിച്ചേരാൻ വൈകി. മന്ത്രിസഭായോഗം ഉൾപ്പെടെയുള്ള തിരക്കുണ്ടായിരുന്നതിനാൽ ഉടൻ പോരേണ്ടിവന്നു. കോഗിലു സംഭവത്തിൽ കേരള മുഖ്യമന്ത്രി പ്രതികരിച്ചത് ശരിയായില്ലെന്ന കർണാടക ഉപമുഖ്യമന്ത്രിയുടെ വിമർശനത്തോട് യോജിപ്പില്ല. ഉത്തർപ്രദേശിലും മറ്റും ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ എല്ലാവരും പ്രതികരിക്കാറുണ്ട്. ന്യൂനപക്ഷങ്ങളെ വേട്ടയടുന്ന സംഭവങ്ങളുണ്ടാകുമ്പോൾ അതിർത്തി നോക്കി പ്രതികരിക്കണമെന്ന് പറയുന്നത് ശരിയല്ല. ഗാസയിലെ പ്രശ്നത്തിൽ രാജ്യാതിർത്തി പോലും നോക്കാതെ ഏവരും പ്രതികരിച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |