ആലപ്പുഴ : സപ്ളൈകോ ഇടപെടലിൽ കിഴിവ് തർക്കങ്ങൾ പരിഹരിച്ച് കുട്ടനാട്ടിൽ നെല്ല് സംഭരണം പുനരാരംഭിച്ചെങ്കിലും പല പാടങ്ങളിലും നെല്ല് ഇപ്പോഴും കെട്ടിക്കിടക്കുന്നു. ആലപ്പുഴ നഗരത്തോട് ചേർന്ന് ചുങ്കത്ത് കൃഷിമന്ത്രി പി. പ്രസാദ് വിത്തിട്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ച കുമ്പംകുഴി പടിഞ്ഞാറ് പാടത്തുൾപ്പെടെ മില്ലുകാരുടെ നിസ്സഹകരണമാണ് സംഭരണത്തിന് തടസമായത്.
കിഴിവ് തർക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നെല്ലിന്റെ ഗുണനിലവാരം പരിശോധിച്ച ഇവിടെ 6.34 ശതമാനം കിഴിവിനാണ് ധാരണയെത്തിയത്. 9 ശതമാനം കിഴിവാണ് മില്ലുകൾ ഉന്നയിച്ചത്. വിഷയം അറിഞ്ഞ മന്ത്രിയുൾപ്പെടെയുളളവരുടെ ഇടപെടലിനെ തുടർന്ന് കൃഷി വകുപ്പ് നിർദേശിച്ച കിഴിവിൽ നെല്ല് സംഭരിക്കാൻ ധാരണയായതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
ഇവിടുത്തെ പാടങ്ങളിൽ നിന്നും ഇന്ന് നെല്ല് മില്ലുകാർ കൊണ്ടുപോകും. കുട്ടനാട് , അപ്പർ കുട്ടനാട് മേഖലകളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കെട്ടിക്കിടന്ന നെല്ലിൽ മു സംഭരിച്ചിട്ടുണ്ട്. സംഭരണം നീണ്ടുപോകുന്നത് വേനൽ മഴയിൽ ഈർപ്പത്തോത് കൂടുമെന്നത് കർഷകരെ ആശങ്കിലാക്കിയിട്ടുണ്ട്.
തലവടി വട്ടടി കൊച്ചാലും മൂട് പാടത്ത് നെല്ല് നശിക്കുന്നു
തലവടി കൃഷിഭവന് കീഴിലെ 117 ഏക്കർ വരുന്ന വട്ടടി കൊച്ചാലുംമൂട് പാടശേഖരത്തിൽ കൊയ്ത്ത് കഴിഞ്ഞ് കൂനകൂട്ടിയ നെല്ല് സംഭരിക്കുവാൻ ആളില്ലാതെ വന്നതിനെ തുടർന്ന് കെട്ടിക്കിടന്ന് നശിക്കുന്നതായി കർഷകർ. നെല്ല് പാടത്തും ബണ്ടിലുമായി കൂനകൂട്ടിയിട്ടിട്ട് 12 ദിവസം പിന്നിട്ടു. പടുതയിട്ട് മൂടി സൂക്ഷിച്ച നെല്ല് വേനൽ മഴ ശക്തിപ്പെട്ടതിനെ തുടർന്ന് ഏത് നിമിഷവും കിളിർക്കാവുന്ന സ്ഥിതിയിലാണ്. സംഭരണം നീണ്ടുപോയാൽ ഒരു മണിനെല്ല് പോലും ബാക്കിയില്ലാതെ നശിക്കുമെന്ന് മാത്രമല്ല പതിനായിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുന്നതിനും കാരണമാകും. കൊയ്ത്ത് കഴിഞ്ഞ തൊട്ടടുത്ത ദിവസം മില്ലുകാരുടെ ഏജന്റ് വന്നു പരിശോധിച്ച് എത്താമെന്ന് വാഗ്ദാനം നൽകി മടങ്ങിപ്പോയതൊഴിച്ചാൽ പിന്നീട് ഒന്നും നടന്നില്ല.
പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണാൻ അധികൃതർ തയ്യാറാകാത്ത പക്ഷം നെല്ല് പൂർണ്ണമായി നശിക്കും
- പ്രസാദ് വർഗീസ്, വട്ടടി കൊച്ചാലുംമൂട്പാടശേഖര സമിതി പ്രസിഡന്റ്
നെല്ല് സംഭരിക്കാൻ അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് എടത്വാ വികസന സമിതിയുടെ നേതൃത്വത്തിൽ നില്പ് സമരം നടത്തും
- ജോൺസൺ വി.ഇടിക്കുള, എടത്വാ വികസന സമിതി ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |