വിദേശ നിക്ഷേപകർ മടങ്ങിയെത്തുന്നു
കൊച്ചി: ആഗോള മേഖലയിലെ അനുകൂല വാർത്തകളുടെ കരുത്തിൽ ഇന്ത്യൻ ഓഹരി വീണ്ടും മുന്നേറ്റ പാതയിൽ. തുടർച്ചയായ രണ്ടാം ദിവസമാണ് വിപണി നേട്ടമുണ്ടാക്കുന്നത്. ബാങ്കിംഗ്, ധനകാര്യ മേഖലകളിലെ ഓഹരികളാണ് നേതൃത്വം നൽകിയത്. സെൻസെക്‌സ് 1131.31 പോയിന്റ് നേട്ടവുമായി 75,301.26ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്‌റ്റി 325.55 പോയിന്റ് ഉയർന്ന് 22,834ൽ അവസാനിച്ചു. നിഫ്റ്റി 50 സൂചികയിലെ ബജാജ് ഫിൻസെർവ് ഒഴികെയുള്ള ഓഹരികളെല്ലാം മികച്ച പ്രകടനം കാഴ്‌ചവച്ചു. ചെറുകിട. ഇടത്തരം കമ്പനികളുടെ ഓഹരികളും വൻനേട്ടമുണ്ടാക്കി.
ഐ.സി.ഐ.സി.ഐ ബാങ്ക്, സൊമാറ്റോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ലാർസൻ ആൻഡ് ടുബ്രോ, ഹിന്ദുസ്ഥാൻ യൂണിലിവർ, പവർ ഗ്രിഡ്, അദാനി പോർട്ട്സ് എന്നിവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. അമേരിക്കയിലെ വാൾസ്ട്രീറ്റ് രണ്ട് ദിവസങ്ങളായി മികച്ച നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. ഏഷ്യയിലെ സിയോൾ, ടോക്കിയോ, ഷാങ്ങ്ഹായ്, ഹാേങ്കോംഗ് എന്നിവയും മുന്നേറി.
1. കനത്ത തകർച്ചയ്ക്ക് ശേഷം വാങ്ങുന്നതിന് അനുയോജ്യമായ വിലനിലവാരത്തിലേക്ക് ഓഹരികൾ തിരിച്ചെത്തിയതാണ് നിക്ഷേപ താത്പര്യം വർദ്ധിപ്പിച്ചത്
2. ഫെബ്രുവരിയിൽ വ്യാപാര കമ്മിയും നാണയപ്പെരുപ്പവും കുറഞ്ഞതിനൊപ്പം വ്യാവസായിക ഉത്പാദനം മെച്ചപ്പെട്ടതും വിപണിക്ക് ആവേശമാകുന്നു
3. വിദേശ ധന സ്ഥാപനങ്ങൾ വീണ്ടും സജീവമായതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം തുടർച്ചയായി മെച്ചപ്പെടുന്നു
4. സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ബലത്തിൽ ചൈന ഉണർവ് നേടുന്നതിനാൽ ഇന്ത്യൻ കമ്പനികളുടെ കയറ്റുമതി മെച്ചപ്പെട്ടേക്കും
കരുത്താേടെ രൂപ
രാജ്യാന്തര രംഗത്ത് ഡോളർ ദുർബലമായതും വിദേശ നിക്ഷേപകരുടെ മടങ്ങിവരവും രൂപയ്ക്ക് നേട്ടമാകുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 86.54ൽ എത്തി. നാല് ദിവസത്തിനിടെ രൂപയുടെ മൂല്യത്തിൽ 0.8 ശതമാനം വർദ്ധനയാണുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |