തിരുവനന്തപുരം: അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റേയും ഫണ്ട് കൈമാറുന്നതിന് റിസർവ് ബാങ്കിന്റേയും അനുമതി ലഭിച്ചെന്ന് കായിക മന്ത്രി അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. ബഡ്ജറ്റ് ധനാഭ്യർത്ഥന ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പി.ടി.ഉഷയുടേയും ഒളിമ്പിക്ക് അസോസിയേഷന്റെ നടപടികൾ കാരണമാണ് ദേശീയ ഗെയിംസിൽ കേരളത്തിന് തിരിച്ചടിയുണ്ടായതെന്നും മന്ത്രി പറഞ്ഞു. കളരിപ്പയറ്റ് ഒഴിവാക്കിയത് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായ പി.ടി.ഉഷയാണെന്നും വോളിബാൾ ടീം സെലക്ഷനിൽ ഇടപെട്ട് മികച്ച കളിക്കാരെ മാറ്റിനിറുത്താൻ ശ്രമിച്ചെന്നും മന്ത്രി പറഞ്ഞു.
ഒരു പഞ്ചായത്ത്, ഒരുകളം എന്ന കേരളത്തിന്റെ പദ്ധതി ദേശീയ തലത്തിൽ തന്നെ മാതൃകയായി.പദ്ധതി നടപ്പാക്കാൻ സ്ഥലം ലഭ്യമാകാത്ത പഞ്ചായത്തുകളിൽ കായിക വകുപ്പിന് അനുവദിച്ച ബഡ്ജറ്റ് തുകയിൽ നിന്ന് ഇതിനായി പണം കണ്ടെത്തുന്നത് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. അടുത്ത വർഷത്തോടെ സംസ്ഥാനത്ത് പ്രൈമറി സ്കൂളുകളിൽ കായിക പഠനം ആരംഭിക്കുമെന്നും ഇതിനായി പാഠ്യപദ്ധതിക്ക് ഉടൻ അന്തിമരൂപം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |