വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഏഴു സ്ഥലങ്ങളിലെത്തിച്ച് പൊലീസ് അവസാനഘട്ട തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ 9.30ന് പേരുമലയിലെ വീട്ടിലെത്തിച്ച പ്രതിയുമായി ഒരുമണിക്കൂർ തെളിവെടുപ്പു നടന്നു.ഇവിടെവച്ചാണ് അഫാൻ തന്റെ സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതക ശ്രമത്തിനിടെ അമ്മ ഷെമിയെയും ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഫർസാനയുമായി മതിൽ ചാടിക്കടന്നാണ് വീട്ടിനുള്ളിലേക്ക് പ്രവേശിച്ചതെന്ന് അഫാൻ പൊലീസിനോടു പറഞ്ഞു.ഒന്നാം നിലയിലെത്തി ഫർസാനയെ കൊലപ്പെടുത്തിയ മുറിയും സ്ഥലവും ചുറ്റിക ഉപയോഗിച്ച് കൊലപ്പെടുത്തിയ രീതിയും പൊലീസിന് കാണിച്ചുകൊടുത്തു.താഴെ വന്ന് സഹോദരൻ അഹ്സാനെ അടിച്ചിട്ട സ്ഥലവും അവിടെ നടന്ന സംഭവങ്ങളും വിശദീകരിച്ചു.അടുക്കള ഭാഗത്തെത്തി പാചകഗ്യാസ് തുറന്നുവിട്ടതും കാണിച്ചു.സംഭവങ്ങൾ കഴിഞ്ഞശേഷം മതിൽ ചാടിക്കടന്നു തന്നെ പുറത്തെത്തി പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. സ്വർണാഭരണങ്ങൾ പണയം വച്ച വെഞ്ഞാറമൂട്ടിലെ സ്വകാര്യ ധനകാര്യ സ്ഥാപനം,ചുറ്റിക സൂക്ഷിക്കാൻ ബാഗ് വാങ്ങിയ കട,ചുറ്റിക വാങ്ങിയ കട,എലിവിഷം,മുളകുപൊടി,സിഗരറ്റ്,ശീതള പാനീയങ്ങൾ തുടങ്ങിയവ വാങ്ങിയ കടകൾ എന്നിവിടങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.ഫർസാനയെ വീട്ടിൽ നിന്നും വിളിച്ചു വരുത്തിയതിനു ശേഷം അഫാൻ കാത്തുനിന്ന കാവറ ഭാഗത്തുള്ള റോഡിലെത്തിച്ചും തെളിവെടുപ്പ് നടത്തി. വീട്ടിൽ നിന്നും നടന്നു വന്ന ഫർസാനയെ ഇവിടെ നിന്നും തന്റെ ബൈക്കിൽ കയറ്റി പേരുമലയിലെ വീട്ടിലെത്തിക്കുകയായിരുന്നു. അമ്മ അന്വേഷിക്കുന്നുണ്ടെന്നും ഫർസാനയെ കാണണമെന്നും പറഞ്ഞാണ് കൊണ്ടുപോയതെന്നും പ്രതി പൊലീസിനോടു പറഞ്ഞു.വെഞ്ഞാറമൂട് എസ്.എച്ച്.ഒ ആർ.പി.അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
മുഖം തിരിച്ച് പിതാവ്
പ്രതിയുമായി തെളിവെടുപ്പിന് പോകുംവഴി പിതാവ് റഹിം വെഞ്ഞാറമൂട് സിഗ്നലിൽ വച്ച് പൊലീസ് ജീപ്പിൽ ഇരിക്കുന്ന പ്രതിയും മകനുമായ അഫാനെ കണ്ടെങ്കിലും മുഖം തിരിച്ച് നടന്നു.സംഭവത്തിന് ശേഷം റഹിം കഴിഞ്ഞ ദിവസമാണ് പ്രതിയെ കാണുന്നത്. റഹിമിന്റെ ഭാര്യ ഷെമി ആദ്യം പറഞ്ഞ മൊഴിയിൽ ഉറച്ച് നിൽക്കുകയാണ്. സംഭവദിവസം ഇളയമകനെ സ്കൂളിൽ വിട്ട കാര്യം മുതൽ സംഭവസമയത്തെ കാര്യങ്ങൾ വരെ പറയുമ്പോഴും അപകടം കട്ടിലിൽ നിന്നും വീണുണ്ടായതാണെന്നാണ് ആവർത്തിക്കുന്നത്. കാണാൻ വരുന്നവരോട് ഇളയമകൻ പോയെന്നും ഇനി മൂത്തമകനെ ഉള്ളൂവെന്നുമാണ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |