കൊച്ചി: യുവതലുറയെ തകർക്കുന്ന ലഹരിക്കെതിരെ പ്രാദേശിക സംഘടനകളുടെ പങ്കാളിത്തത്തോടെ ഒരുവർഷം നീളുന്ന സമഗ്ര പദ്ധതിയുമായി കൊച്ചി സിറ്റി പൊലീസ്. വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിനൊപ്പം സ്ഥിരം പ്രതിരോധ സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം.
ലയൺസ്, ലോട്ടറി പോലുള്ള ക്ളബുകൾ, റെസിഡന്റ്സ് അസോസിയേഷൻ, സന്നദ്ധ സംഘടനകൾ എന്നിയുമായി സഹകരിച്ചാണ് പദ്ധതി. തൃപ്പൂണിത്തുറ നഗരസഭയിൽ ഇന്നാരംഭിക്കുന്ന പദ്ധതി മുഴുവൻ ഡിവിഷനുകളിലും വ്യാപിപ്പിക്കും. സംഘടനകളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ ചേരും.
നഗരസഭാ ഡിവിഷനുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. പ്രാദേശികമായ ലഹരിവസ്തു ഭീഷണികളും നിലവിലെ പ്രശ്നങ്ങളും സംഘടനകൾ അവതരിപ്പിക്കും. ഇവയിൽ ആവശ്യമായ നടപടികൾ പൊലീസ്, എക്സൈസ് എന്നിവ സ്വീകരിക്കും.
കർമ്മ പദ്ധതി തയ്യാറാക്കും
സംഘടനകൾ ഉന്നയിക്കുന്ന വിഷയങ്ങൾ ഉൾപ്പെടുത്തി കർമ്മപദ്ധതി തയ്യാറാക്കും. സംഘടനകളുടെ മേൽനോട്ടത്തിൽ നടത്തുന്ന കർമ്മപദ്ധതിക്ക് പൊലീസ് ഉൾപ്പെടെ പിന്തുണ നൽകുമെന്ന് കൊച്ചി സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി. രാജ്കുമാർ പറഞ്ഞു. സ്‌കൂളുകൾ മുതലാണ് ബോധവത്കരണ പരിപാടികൾ. തുടർച്ചയായ ബോധവത്കരണം, നിരീക്ഷണം എന്നിവ നടത്തും. സ്കൂളുകളിലും കോളേജുകളിലും ലഹരിവിരുദ്ധ പ്രചാരണങ്ങൾ നടത്തും. സ്കൂളുകളിൽ പോസ്റ്ററുകളുൾപ്പെടെ സ്ഥാപിക്കും. ഒരുവർഷം നീളുന്ന പദ്ധതികളാണ് നടപ്പാക്കുക.
വിവരങ്ങൾക്ക് ഹോട്ട്ലൈൻ
ലഹരിക്കെതിരെ വിവരങ്ങൾ നൽകുന്നതിനാൽ ഹോട്ട്ലൈൻ സംവിധാനം ഒരുക്കാനും ശ്രമിക്കുന്നുണ്ട്. പ്രത്യേക നമ്പരിൽ വിവരങ്ങൾ പൊതുജനങ്ങൾക്കും നൽകാനാണ് സംവിധാനം ഒരുക്കുക. ഇതിൽ ലഭിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തും. വിവരങ്ങൾ നൽകുന്നവരുടെ സ്വകാര്യമായി സൂക്ഷിക്കും. ഫോണിൽ ലഭിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തി വിശദമായ അന്വേഷണവും നടപടികളും സ്വീകരിക്കും.
ജീവിതമാകട്ടെ ലഹരി എന്ന സന്ദേശവുമായി. എൽ.പി മുതൽ കോളേജ് തലം വരെയുള്ള വിദ്യാർത്ഥികളെ ലഹരിവസ്തുക്കളിൽ നിന്ന് മോചിപ്പിക്കുകയെന്നതാണ് പദ്ധതി ലക്ഷ്യം
പി. രാജ്കുമാർ
കമ്മിഷണർ
കൊച്ചി സിറ്റി അസിസ്റ്റന്റ് പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |