ആലപ്പുഴ: പൊളിച്ചുകളയേണ്ട കെട്ടിടത്തിൽ ലക്ഷങ്ങൾ തുലച്ച് കെ.എസ്.ആർ.ടി.സിയുടെ ധൂർത്ത്. പത്തുകോടിയോളം രൂപ ചെലവഴിച്ച് പുതിയ കെട്ടിടത്തിനുള്ള പദ്ധതി സർക്കാർ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കെയാണ് നിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റേണ്ട കെട്ടിടത്തിൽ പണം വാരിക്കോരി ചെലവാക്കിയത്.
കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വളപ്പിലെ കാന്റീൻ കെട്ടിടത്തോട് ചേർന്നുള്ള കെട്ടിടത്തിൽ ടിക്കറ്റ്, കാഷ് കൗണ്ടറുകൾക്കായി അലൂമിനിയം ഫാബ്രിക്കേഷൻ കാബിനുകൾക്കും മുകൾ നിലയിലെ റൂഫിംഗിനുമായാണ് അഞ്ചുലക്ഷത്തോളം രൂപ ചെലവിട്ടത്.
പുതിയ ബസ് സ്റ്റേഷന്റെ നിർമ്മാണത്തിനായി നിലവിൽ കാന്റീൻ കെട്ടിടം സ്ഥിതി ചെയ്യുന്ന ഭാഗത്തെ 18 മീറ്റർ സ്ഥലം കൂടി വേണമെന്നിരിക്കെ, കാന്റീനും തൊട്ട് ചേർന്നുള്ള ഈ കെട്ടിടവും പൊളിച്ചുമാറ്റിയേ തീരൂ.
വ്യക്തമായ ആസൂത്രണമില്ലാത്തതാണ് ശമ്പളം കൊടുക്കാൻപോലും നിവൃത്തിയില്ലാത്ത കെ.എസ്.ആർ.ടി.സിക്ക് പേരുദോഷം കേൾപ്പിക്കുന്ന ഇത്തരം നടപടികൾ എന്നകാര്യത്തിൽ സംശയമില്ല.
മാറ്റി സ്ഥാപിച്ച് തലയൂരാനും ശ്രമം
1.ദേശീയ പാതയോരത്തെ ബസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിനായി പൊളിച്ചുനീക്കിയപ്പോൾ, സ്റ്റേഷൻ മാസ്റ്ററുടെയും എ.ടി.ഒയുടെയും മുറികളും ഓഫീസും സമീപത്തെ സിവിൽ സ്റ്റേഷനിലേക്കും സ്റ്റാൻഡിലെ സെക്യൂരിറ്റി റൂമിനോട് ചേർന്നുള്ള മുറികളിലേക്കും മാറ്റിയിരുന്നു
2.എന്നാൽ, സർവീസുകൾക്ക് ടിക്കറ്റുകൾ വിതരണം ചെയ്യാനും ബസുകളിൽ നിന്നുള്ള കളക്ഷൻ അടയ്ക്കുന്നതിനുമുള്ള സൗകര്യാർത്ഥം ടിക്കറ്റ്, കാഷ് കൗണ്ടറുകൾ കാന്റീൻ കെട്ടിടത്തിനോട് ചേർന്ന് മുകൾ നിലയിൽ സജ്ജമാക്കുകയായിരുന്നു
3. പത്തുവർഷം മുമ്പ് കെ.സി വേണുഗോപാൽ എം.പിയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച ജെൻഡർ സെൻസിറ്റീവ് കേന്ദ്രം കെട്ടിടത്തിന്റെ മുകൾ നിലയിൽ ഒഴിഞ്ഞുകിടക്കുമ്പോഴാണ് പൊളിച്ചുകളയേണ്ട കെട്ടിടത്തിലെ ഈ പാഴ് ചെലവ്
4. വിമർശനമുയർന്നതോടെ അലൂമിനിയം ഫാബ്രിക്കേഷനിൽ നിർമ്മിച്ച ടിക്കറ്റ്, ക്യാഷ് കൗണ്ടറുകൾ ജെൻഡർ സെൻസിറ്റീവ് കേന്ദ്രത്തിലേക്ക് അതേപടി മാറ്റി സ്ഥാപിച്ച് തലയൂരാനാണ് ഇപ്പോഴത്തെ ശ്രമം
5. കൗണ്ടറുകൾ ഇത്തരത്തിൽ പുനരുപയോഗിച്ചാലും ഇതുനില കെട്ടിടത്തിന്റെ മുകൾ നിലയിൽ റൂഫിംഗിനായി ഉപയോഗിച്ച ഇരുമ്പ് ഷീറ്റും പൈപ്പുകളും എന്തുചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല
............................
കൗണ്ടറുകൾ, റൂഫിംഗ് എന്നിവയ്ക്കായി അഞ്ചുലക്ഷത്തോളം രൂപ ചെലവഴിച്ചെങ്കിലും കാന്റീനുൾപ്പെടെ പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായി ഇവ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. കാബിനുകൾ ജെൻഡർ സെൻസിറ്റീവ് കേന്ദ്രത്തിൽ പുനരുപയോഗിക്കും
- കെ.എസ്.ആർ.ടി.സി അധികൃതർ, കായംകുളം
..........................
ഇത്രയും പണം ചെലവഴിച്ചുള്ള നിർമ്മാണം ഒഴിവാക്കേണ്ടതായിരുന്നു. ജനങ്ങളുടെ നികുതിപ്പണമാണ് ഇത്തരത്തിൽ ധൂർത്തടിക്കുന്നത്. ആസൂത്രണത്തിലെ പിഴവുകളാണ് ഇത് കാണിക്കുന്നത്
- ശ്രീജിത്ത് കെ.എസ്. യാത്രക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |