തൃശൂർ: പൂരത്തിന് ഒന്നരമാസം ശേഷിക്കെ നഗരത്തിലെ ജീർണാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചുനീക്കുമെന്ന മേയറുടെ പ്രഖ്യാപനം എങ്ങുമെത്തിയില്ല. മുഖം നോക്കാതെ പഴയ കെട്ടിടങ്ങൾ പൊളിക്കുമെന്ന പ്രഖ്യാപനമാണ് മാസങ്ങൾ പിന്നിട്ടിട്ടും നടപ്പാകാത്തത്. ഇതുവരെ ഫിറ്റ്‌നസില്ലാത്ത കെട്ടടങ്ങൾ കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ല. കോർപറേഷനിലെ പി.ഡബ്ലിയു.ഡി വകുപ്പും സംസ്ഥാന പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തേണ്ടതെങ്കിലും പ്രാരംഭനടപടികൾ പോലും തുടങ്ങിയിട്ടില്ലെന്നാണ് വിവരം.
കോർപറേഷൻ മുൻകൈയെടുത്ത് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പരിശോധന നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. പരിശോധനയിൽ ബലക്ഷയമുണ്ടെന്ന് കണ്ടെത്തുന്ന കെട്ടിടങ്ങളുടെ ലിസ്റ്റ് ഗവ. എൻജിനിയറിംഗ് കോളേജിലെ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിന് കൈമാറണം. തുടർന്ന് ശാസ്ത്രീയ ബലപരിശോധന കൂടി നടത്തിയ ശേഷമാകും പൊളിക്കൽ. ജീർണാവസ്ഥയിലായ കെട്ടിടങ്ങളുടെ ലിസ്റ്റ് കൈവശമുണ്ടെന്നും പൊളിക്കുമെന്നും മുൻപ് പറഞ്ഞ മേയറും ഇപ്പോൾ മൗനത്തിലാണ്. ജീർണാവസ്ഥയിലായ കെട്ടിടങ്ങൾ സർവേ നടത്തി പൊളിച്ചുനീക്കണമെന്ന് കോർപറേഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും അനങ്ങാപ്പാറനയം തുടരുകയാണ്.
ജീർണാവസ്ഥയിൽ നിരവധി കെട്ടിടങ്ങൾ
ജീർണാവസ്ഥയിലാണെന്ന് ഫയർഫോഴ്‌സ് കണ്ടെത്തിയ 144 കെട്ടിടങ്ങളുടെ ലിസ്റ്റ് കോർപറേഷന് കൈമാറിയിരുന്നു. മൂന്ന് വർഷം മുൻപ് പൊലീസ് പുറത്തുവിട്ട ലിസ്റ്റിൽ 124 കെട്ടിടങ്ങളുണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗവും പൂരം വെടിക്കെട്ട് നടക്കുന്ന സ്വരാജ് റൗണ്ടിലാണ്. എം.ഒ റോഡ്, ഹൈറോഡ്, അരിയങ്ങാടി, എം.ജി. റോഡ്, ഷൊർണൂർ റോഡ്, പടിഞ്ഞാറെക്കോട്ട, ചെട്ടിയങ്ങാടി, പോസ്റ്റ് ഓഫീസ് റോഡ്, ജയ്ഹിന്ദ് മാർക്കറ്റ് എന്നിവിടങ്ങളിലും ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളുണ്ട്.
മോടികൂട്ടാൻ ഗ്ളാസ്
ബലക്ഷയമേറെയുണ്ടെങ്കിലും ഗ്ലാസ് മോടി പിടിപ്പിച്ചാണ് പഴയ കെട്ടിടങ്ങളുടെ പ്രവർത്തനം. ഈ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് പൂരം കുടമാറ്റവും വെടിക്കെട്ടും കാണുന്നതെല്ലാം ദുരന്തത്തിന് വഴിവയ്ക്കും. കഴിഞ്ഞ ആഗസ്റ്റിലെ മഴയിൽ ഹൈറോഡിലെ സി.സി ബ്രദേഴ്‌സ് സ്റ്റേഷനറി ആൻഡ് ഹോൾസെയിൽ മർച്ചന്റ് എന്ന സ്ഥാപനം തകർന്നിരുന്നു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അഞ്ചുവിളക്കിന് സമീപം മഞ്ചക്കട സ്ഥിതി ചെയ്യുന്ന കെട്ടിടവും തൃശൂരിൽ ജില്ലാ ആശുപത്രിക്ക് സമീപം 150 വർഷം പഴക്കമുള്ള കെട്ടിടവും മുൻപ് തകർന്നിരുന്നു.
നിലംപൊത്താറായ കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയപ്പോൾ ഗവ. എൻജിനിയറിംഗ് കോളേജിനെ കൊണ്ട് പരിശോധിപ്പിച്ച് ചെയ്യാമെന്നാണ് കോർപറേഷൻ അറിയിച്ചത്. എന്നാൽ ഇതുവരെ നടപടികളൊന്നും ഉണ്ടായില്ല. തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാനും പരാതി നൽകിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷനെ വീണ്ടും സമീപിക്കും.
ബാബു ജോസഫ്,
പൊതുപ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |