അഞ്ചൽ: കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പ്രചാരണത്തിന് 25ന് അഞ്ചലിൽ തുടക്കം കുറിക്കുമെന്ന് കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ അഞ്ചൽ യൂണിറ്റ് ജനറൽ സെക്രട്ടറി എസ്. സുശീലൻ നായർ, ട്രഷറർ ഫസിൽ അൽ അമാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. "തലമുറകളെ നിശബ്ദരാക്കുന്ന ലഹരി മാഫിയകളെ നിങ്ങൾക്ക് ഇവിടെ ഇടം ഇല്ല" എന്ന സന്ദേശം ഉയർത്തിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പ്രചരണത്തിന്റെ ഭാഗമായി രാവിലെ 11ന് അഞ്ചലിൽ ലഹരിവിരുദ്ധ ബാഡ്ജ് ധരിപ്പിക്കൽ പരിപാടി സംഘടിപ്പിക്കും. 3 മണിക്ക് കോളേജ് ജംഗ്ഷനിൽ നിന്ന് ലഹരിവിരുദ്ധ ജാഥ ആരംഭിക്കും. തുടർന്ന് മാർക്കറ്റ് ജംഗ്ഷനിലെ പഞ്ചായത്ത് പൊതുവേദിയിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ ഉയർന്ന എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. വ്യാപാര സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടണത്തിൽ പൊതുവിലും ബോധവത്കരണവും ലഹരിവിരുദ്ധ പ്രചരണ പരിപാടികളും നടത്തുമെന്ന് എസ്. ദേവരാജൻ പറഞ്ഞു. യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് അസ് ലം, സെക്രട്ടറി ജോബിൻ, വി.ഒ. ഇന്ദുലാൽ, ജോസ് ബാലരമ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |