ഹെൽസിങ്കി: സന്തോഷം തേടി നടക്കുന്നവരാണ് എല്ലാവരും. സൗഹൃദങ്ങൾ, ആഘോഷങ്ങൾ, യാത്രകൾ, വിനോദങ്ങൾ.... അങ്ങനെ ഓരോരുത്തരും സന്തോഷത്തിന് ഓരോ വഴി തേടും. എന്നാൽ എപ്പോഴും സന്തോഷത്തോടെയിരിക്കാൻ ശീലിച്ച ഫിൻലന്റുകാരെത്തേടി തുടർച്ചയായ എട്ടാം തവണയും സന്തുഷ്ട രാജ്യമെന്ന ബഹുമതി വന്നിരിക്കുന്നു. യൂറോപ്യൻ രാജ്യമാണ് ഫിൻലന്റ്. യു.എൻ സ്പോൺസർഷിപ്പിൽ 143 രാജ്യങ്ങളിലായി നടത്തിയ വേൾഡ് ഹാപ്പിനെസ് സർവേയിലൂടെയാണ് ഈ തിരഞ്ഞെടുപ്പു നടന്നത്.
അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. അതേസമയം,ഇന്ത്യക്കാർ അത്ര സന്തുഷ്ടരല്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇന്ത്യയുടെ സ്ഥാനം 118 ആണ്. കഴിഞ്ഞ വർഷം ഇന്ത്യയുടെ സ്ഥാനം 126 ആയിരുന്നു. യുദ്ധഭീതിയൊഴിയാത്ത യുക്രെയിനും പാകിസ്ഥാനും താഴെയാണ് ഇന്ത്യയുടെ സ്ഥാനം. മാത്രവുമല്ല ഇന്ത്യയിലെ വിവിധ വിഭാഗം ജനങ്ങൾക്കിടയിൽ വലിയ സന്തോഷ അസമത്വമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതലും യുവതി യുവാക്കൾക്കിടയിലാണ്. ജോലി സമ്മർദ്ദം,കുടുംബ പ്രശ്നങ്ങൾ,തൊഴിലില്ലായ്മ തുടങ്ങിയവയാണ് കാരണം. അതേസമയം,സന്തോഷത്തിനുള്ള ഇന്ത്യയുടെ ഈ വർഷത്തെ സ്കോർ മുൻവർഷത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട്. 4.389 പോയിന്റാണ് രാജ്യം നേടിയിരിക്കുന്നത്. ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ നേപ്പാൾ 92ഉം പാകിസ്ഥാൻ 109ഉം ചൈന 68ഉം സ്ഥാനത്താണ്. ശ്രീലങ്കയും ബംഗ്ലാദേശും യഥാക്രമം 133, 134-ാം സ്ഥാനത്തും പിന്നിലാണ്. ലെബനനാണ് അഫ്ഗാനിസ്ഥാന് തൊട്ടുമുമ്പുള്ളത്. യു.എസിന് ഇത്തവണയും ആദ്യ 20ൽ ഇടംനേടാനായില്ല. 24ാം സ്ഥാനത്താണ് യു.എസ്. കഴിഞ്ഞ തവണ 23-ാം സ്ഥാനത്തായിരുന്നു. ഡെൻമാർക്കാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഐസ്ലൻഡ്,സ്വീഡൻ,നെതർലൻഡ്സ്,കോസ്റ്റാറിക്ക,നോർവെ,ഇസ്രയേൽ, ലക്സംബർഗ്,മെക്സിക്കോ എന്നിവയാണ് ആദ്യ പത്തിൽ ഇടംനേടിയ രാജ്യങ്ങൾ. വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ പ്രതിശീർഷ വരുമാനം, സാമൂഹ്യതല പിന്തുണ,ആയുർദൈർഘ്യം,പൗരസ്വാതന്ത്ര്യം,തൊഴിൽ സുരക്ഷ,താഴ്ന്ന അഴിമതി നിരക്ക് തുടങ്ങിയ വിവിധ ഘടകങ്ങളും വിവിധ സർവേകളിലെ ഫലങ്ങളും അടിസ്ഥാനമാക്കിയാണ് ഇത് തയാറാക്കുന്നത്.
ലോകശക്തികൾ
കൊതിക്കും
ലോക ശക്തികളായ അമേരിക്കയും ചൈനയും അടക്കം കൊതിക്കുന്ന രാജ്യമാണ് ഫിൻലന്റ്. അതിമനോഹരമായ ഭൂപ്രകൃതിയാണ് ഇവിടത്തെ പ്രത്യേകത. അമൂല്യമായ പ്രകൃതി സമ്പത്ത് വരും തലമുറയ്ക്കായി ഫിൻലന്റുകാർ കാത്തുസൂക്ഷിക്കുന്നു. വനപ്രദേശങ്ങളും തടാകങ്ങളും സംരക്ഷിത പ്രദേശങ്ങളുമെല്ലാം അവയുടെ സ്വാഭാവികതയോടെ തന്നെ പരിപാലിക്കുന്നു. പ്രകൃതിയോടിണങ്ങിയാണ് ഭൂരിപക്ഷം ജനങ്ങളും ജീവിക്കുന്നത്. അതേസമയം, ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവുമ്പോൾ പ്രകൃതിയിലേക്കിറങ്ങുക എന്നതാണ് ഫിൻന്റുകാരുടെ തന്ത്രം!
കുറ്റകൃത്യങ്ങൾ, അക്രമം എന്നിവ കുറവുള്ള രാജ്യമാണ് ഫിൻലന്റ് അതുകൊണ്ടുതന്നെ, ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ മുന്നിലാണ് ഫിൻലന്റിന്റെ സ്ഥാനം. പൗരന്മാർക്ക് പ്രഥമ പരിഗണന നൽകുന്ന ഭരണ സംവിധാനം,അഴിമതി തീരെ കുറവ്,വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം,യൂണിവേഴ്സിറ്റി തലംവരെ സൗജന്യ വിദ്യാഭ്യാസം,തൊഴിൽരഹിതർക്കായി നിരവധി ശാക്തീകരണ പരിപാടികൾ,മികച്ച പൊതുജനാരോഗ്യ സംവിധാനം എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് രാജ്യത്തിന്റെ സന്തുഷ്ടിക്കായി അധികൃതർ ആവിക്ഷ്കരിച്ചിരിക്കുന്നു. രാജ്യത്ത് പഠിക്കുന്ന,മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കും സൗജന്യ പഠനവും നൽകുന്നു.
താരതമ്യമില്ലാത്ത
സന്തോഷം
ഫിന്നിഷ് ജനതയുടെ ജീവിതരീതിയും സംസ്കാരവും തീർത്തും വ്യത്യസ്തമാണ്. പരസ്പരം താരതമ്യം ചെയ്യുന്ന ശീലം ഇവർക്കില്ല. താരതമ്യം ചെയ്യുന്നത് നിറുത്തിയാൽ സന്തോഷം താനേ വരുമെന്നാണ് ഇവർ പറയുന്നത്. ലളിത ജീവിതമാണ് ഇവരുടെ മറ്റൊരു മുഖമുദ്ര. ജീവിതരീതിയിൽ പണക്കാരും പാവപ്പെട്ടവരും തമ്മിൽ ഒരു അന്തരവുമില്ല. ആർഭാടങ്ങളോട് ഒട്ടും താത്പര്യമില്ല. ഏത്ര വലിയ കോടീശ്വനായാലും പഴയ വാഹനവും പഴയ വീടുകളും തന്നെ ഉപയോഗിക്കും!
കുട്ടികളുടെ വളർച്ചയിൽ ഇവിടെ പിതാക്കന്മാർക്കുള്ള പങ്ക് വളരെ വലുതാണ്. അതുക്കൊണ്ട് പുരുഷന്മാർക്ക് ഒൻപതാഴ്ച വരെ പിതൃത്വ ലീവിന് ഇവിടെ അനുവാദമുണ്ട്. ഈ സമയത്ത് അവർക്ക് ശമ്പളത്തിന്റെ 70 ശതമാനം ലഭിക്കും. അമ്മമാർക്കാകട്ടെ, നാലു മാസമാണ് അവധി. അതേസമയം,ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രാതിനിദ്ധ്യം ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഫിൻലന്റ്. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേതനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |