വിപണിയിൽ ഒരു മുട്ടയുടെ വില എത്ര രൂപയാണ്? പല സ്ഥലങ്ങളിലും ഒരു മുട്ടയ്ക്ക് ഏഴ് രൂപ മുതൽ 15 രൂപ വരെയാണ് കച്ചവടക്കാർ ഈടാക്കുന്നത്. കോഴി മുട്ടയായാലും താറാവിന്റെ മുട്ടയായാലും ഈ വിലയായിരിക്കും. ഇപ്പോഴിതാ ബ്രിട്ടണിൽ ലഭിക്കുന്ന ഒരു പ്രത്യേക മുട്ടയുടെ വില കേട്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. പല തരത്തിലുളള ചർച്ചകളും ഇതിന്റെ പേരിൽ നടക്കുന്നുണ്ട്. ബ്രിട്ടണിൽ ലഭിക്കുന്ന പ്രത്യേക മുട്ടയ്ക്ക് 500 ഡോളർ (ഏകദേശം 43,000 രൂപ) നൽകേണ്ടി വരുമെന്നാണ് വിവരം. എന്താണ് ഇതിന് കാരണമെന്ന് പരിശോധിക്കാം.
ന്യൂയോർക്ക് പോസ്റ്റാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടണിലെ ഫെന്റൺ ഫാമിലെ ജീവനക്കാരാണ് വൃത്താകൃതിയിലുളള മുട്ടയുടെ ഉറവിടം കണ്ടെത്തിയിരിക്കുന്നത്. സാധാരണ മുട്ടയുടെ ആകൃതിയല്ല ഈ പ്രത്യേക മുട്ടയ്ക്കുളളത്. ദശലക്ഷത്തിൽ ഒന്ന് എന്ന തോതിലാണ് ഈ മുട്ട ലഭിക്കുകയുളളൂ. ഇത്രയും വിലയ്ക്കും കാരണവും ഇതാണെന്നാണ് റിപ്പോർട്ട്. ഫാമിലെ ലേലത്തിലാണ് ഈ മുട്ടകൾ വിറ്റുപോയത്.
മൂന്ന് വർഷം കൊണ്ട് 42 ദശലക്ഷം മുട്ടകൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും താൻ ഇത്തരത്തിലൊന്ന് കണ്ടിട്ടില്ലെന്ന് ആലിസൻ ഗ്രീൻ എന്ന ജീവനക്കാരി ആഭിപ്രായപ്പെട്ടു. ജനുവരിയിലാണ് ഈ മുട്ടയുടെ ഉറവിടം അവർ കണ്ടെത്തിയത്. കേടാകാതിരിക്കാൻ ഈ മുട്ടകൾ ഉപ്പിലാണ് സൂക്ഷിച്ചത്. അതേസമയം, ഈ മുട്ടകൾ വാങ്ങിക്കുന്നയാളുകൾ കഴിക്കാതെ അവയുടെ പ്രത്യേകത കാരണം സൂക്ഷിക്കുമെന്നും കർഷകർക്ക് സംശയമുണ്ട്. പൂർണമായും വൃത്താകൃതിയിലുളള മുട്ട കണ്ടെത്തുന്നത് ഇത് ആദ്യ സംഭവമല്ല. 2023ൽ ഒരു ഓസ്‌ട്രേലിയൻ സ്ത്രീയും ഇത്തരം പ്രത്യേകതകൾ ഉളള മുട്ട കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |