# ഡൽഹി ഹൈക്കോടതി ജഡ്‌ജിയുടെ
വസതിയിൽ കണക്കിൽപ്പെടാത്ത പണം
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വീടിന് തീപിടിച്ചു. തീ അണയ്ക്കാനെത്തിയ ഫയർ ഫോഴ്സും പൊലീസും മുറിയിൽ കണ്ടത് നോട്ടുകൂമ്പാരം. കണക്കിൽപ്പെടാത്ത 15 കോടിയോളം രൂപയെന്നാണ് സൂചന.
ഹോളി ദിവസമായ മാർച്ച് 14ന് വൈകിട്ടുണ്ടായ സംഭവത്തിൽ കഴിഞ്ഞ ദിവസം സുപ്രീംകോടതി കൊളീജിയം അടിയന്തര യോഗം ചേർന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്. കടുത്ത നടപടി വേണമെന്ന് ഭൂരിപക്ഷം ജഡ്ജിമാരും നിലപാടെടുത്തു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് റിപ്പോർട്ട് തേടി. ജഡ്‌ജിയുടെ വിശദീകരണമടക്കം ഇന്നലെ രാത്രി റിപ്പോർട്ട് കൈമാറിയെന്നാണ് സൂചന. ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്. ജസ്റ്റിസ് യശ്വന്ത് വർമ്മ അവധിയിൽ പ്രവേശിച്ചു. അലഹബാദ് ഹൈക്കോടതി ജഡ്‌ജിയായിരിക്കെ 2021 ഒക്ടോബറിലാണ് ഡൽഹിയിൽ ചുമതലയേറ്റത്.
യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചെന്ന് മാദ്ധ്യമറിപ്പോർട്ടുകൾ വന്നെങ്കിലും സുപ്രീംകോടതി വാർത്താക്കുറിപ്പിറക്കി നിഷേധിച്ചു. സ്ഥലംമാറ്റ ശുപാർശ പരിഗണനയിലുണ്ടെങ്കിലും ഇപ്പോഴത്തെ സംഭവവികാസവുമായി ബന്ധമില്ലെന്നും വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് ജയറാം രമേശ് രാജ്യസഭയിൽ വിഷയം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ ശ്രദ്ധയിൽപ്പെടുത്തി. ശക്തമായ നടപടി സ്വീകരിക്കുമെന്ന് ധൻകർ പറഞ്ഞു. പിടിച്ചെടുത്ത തുക എത്രയെന്ന് സുപ്രീംകോടതി കൊളീജിയം വെളിപ്പെടുത്തണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗും ഇംപീച്ച് ചെയ്യണമെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയനും ആവശ്യപ്പെട്ടു.
നോട്ട് കെട്ടുകൾ
പൊലീസ് കസ്റ്റഡിയിൽ
മാർച്ച് 14ന് തീപിടിത്തമുണ്ടാവുമ്പോൾ, യശ്വന്ത് വർമ്മയും ഭാര്യയും ഭോപ്പാലിലായിരുന്നു. വീട്ടുകാർ അഗ്നിശമന സേനയെയും പൊലീസിനെയും വിളിച്ചുവരുത്തി. തീ അണയ്ക്കുന്നതിനിടെയാണ് ഒരു മുറിയിൽ നോട്ടുകൂമ്പാരം കണ്ടത്. പൊലീസ് വീഡിയോയിൽ പകർത്തിയശേഷം കസ്റ്റഡിയിലാക്കി. ആഭ്യന്തര വകുപ്പിന് വിവരം കൈമാറി. ഡൽഹി സർക്കാർ സുപ്രീംകോടതി, ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് വിവരം കൈമാറുകയായിരുന്നു.
അലഹബാദ് ഹൈക്കോടതി
ചവറ്റുകുട്ടയല്ലെന്ന്
ജഡ്‌ജിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയയ്ക്കാൻ തീരുമാനിച്ചെന്ന റിപ്പോർട്ടിനുപിന്നാലെ കടുത്ത എതിർപ്പുമായി അഭിഭാഷക അസോസിയേഷൻ രംഗത്തെത്തി. ആരോപണവിധേയനെ തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹബാദ് ഹൈക്കോടതിയെന്നായിരുന്നു പ്രതികരണം.
കുറ്റം തെളിഞ്ഞാൽ ഇംപീച്ച്മെന്റ് വരെ
ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപ്പോർട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പരിശോധിക്കും
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആരോപണവിധേയനായ ജഡ്‌ജിയുടെ വിശദീകരണം തേടും
വിശദീകരണത്തിൽ തൃപ്‌തനല്ലെങ്കിൽ ആഭ്യന്തര അന്വേഷണസമിതി രൂപീകരിക്കും
കുറ്റക്കാരനാണെന്ന് ബോദ്ധ്യപ്പെട്ടാൽ ഇംപീച്ച്മെന്റ് നടപടികളിലേക്ക് നീങ്ങാം
മൂന്നിൽ രണ്ട് പിന്തുണ ഇരുസഭകളിലും ലഭിച്ചാലേ ഇംപീച്ച്മെന്റിന് പാർലമെന്റിന്റെ അനുമതി കിട്ടൂ
സംഭവം അറിഞ്ഞതോടെ ഞാനും ഞെട്ടലിലാണ്
- ദേവേന്ദ്രകുമാർ ഉപാദ്ധ്യായ,
ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |