തൃശൂർ: 'രണ്ടരമാസം കഴിഞ്ഞു. എല്ലാ ദിവസവും ഇന്ത്യൻ എംബസിക്കാരെ വിളിക്കുന്നുണ്ട്. എന്നും ഒരുത്തരം മാത്രം... റഷ്യൻ സൈന്യത്തിൽ നിന്നു വിവരം കിട്ടിയിട്ടില്ല'.
റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് യുക്രൈനിൽ യുദ്ധത്തിനിടെ കൊല്ലപ്പെട്ട തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിലിന്റെ മൃതദേഹത്തിനായുള്ള പിതാവ് ബാബുവിന്റെ കാത്തിരിപ്പ് നീളുകയാണ്. 2025 ജനുവരി അഞ്ചിനാണ് കൊല്ലപ്പെട്ടത്.
ബിനിലിനെ ഇതുവരെ കണ്ടിട്ടില്ലാത്ത ആറുമാസം പ്രായമായ മകൻ ജെയ്ക്ക് അന്റോണിയോയെ ആ മുഖമൊന്ന് കാണിക്കണം. ഭാര്യ ജോയ്സിയുടെ പ്രാർത്ഥന അതുമാത്രം.' അവനെ ഒന്ന് കാണണം. സാധിക്കുമോയെന്ന് അറിയില്ല' ക്ഷീണിതയായ അമ്മ ലെയ്‌സിയുടെ വാക്കുകളിൽ സങ്കടം നിറയുന്നു.
മരണവിവരം അറിഞ്ഞ് യു.കെയിൽ നിന്നു വന്ന ബിനിലിന്റെ സഹോദരൻ ലിബിൻ ഇപ്പോൾ നാട്ടിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്ക് പോയിത്തുടങ്ങി. തയ്യൽക്കാരനായിരുന്ന പിതാവ് ബാബുവിന് ജോലിക്ക് പോകാനാകുന്നില്ല. അമല ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയാണ് ജോയ്‌സി.
നാട്ടിലെത്താൻ കൊതിച്ച്
പരിക്കേറ്റ ജയിൻ കുര്യൻ
ഇതേ ആക്രമണത്തിൽ പരിക്കേറ്റ ബിനിലിന്റെ ബന്ധുവും വടക്കാഞ്ചേരി സ്വദേശിയുമായ ജയിൻ കുര്യൻ റഷ്യയിലെ സൈനിക ആശുപത്രിയിലാണ്. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു.ഇപ്പോൾ നടക്കാനാകുന്നുണ്ടെന്നും ഫിസിയോതെറാപ്പി ചെയ്യുകയാണെന്നും ജയിൻ കുര്യൻ കേരള കൗമുദിയോട് പറഞ്ഞു.
എത്രയും പെട്ടെന്ന് നാട്ടിലെത്തണം. പക്ഷേ,റഷ്യൻ സൈന്യത്തിൽ നിന്ന് റിലീസിംഗ് ഓർഡർ കിട്ടിയാലേ ഇന്ത്യൻ എംബസിക്ക് ഇടപെടാനാകൂ. എന്നു കിട്ടുമെന്ന് ഒരു സൂചനയുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |