തിരുവനന്തപുരം: ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് വഞ്ചനാദിനവും കരിദിനവും ആചരിച്ച ജീവനക്കാർ സർക്കാരിനെതിരെ തെരുവിലിറങ്ങി. ശമ്പള പരിഷ്‌കരണം മുടങ്ങി ഒരുവർഷം തികഞ്ഞ ഇന്നലെയായിരുന്നു പ്രതിഷേധം. ജോയിന്റ് കൗൺസിൽ, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെ.ജി.ഒ.യു), കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെ.ജി.ഒ.എഫ്), എൻ.ജി.ഒ സംഘ്,എൻ.ജി.ഒ അസോസിയേഷൻ എന്നിവരാണ് പ്രതിഷേധിച്ചത്. പ്രകടനങ്ങൾ ഗതാഗതതടസത്തിനും കാരണമായി.
ജോയിന്റ് കൗൺസിൽ
ജീവനക്കാർക്ക് ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിലിന്റെ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്ത ജനറൽസെക്രട്ടറി കെ.പി.ഗോപകുമാർ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.കെ.മധു അദ്ധ്യക്ഷനായിരുന്നു. കെ.ജി.ഒ.എഫ് ജനറൽ സെക്രട്ടറി വി.എം. ഹാരിസ്, കെ.എസ്.എസ്.എ ജനറൽസെക്രട്ടറി സുധികുമാർ.എസ്, ജോയിന്റ് കൗൺസിൽ സെക്രട്ടേറിയറ്റംഗം ആർ. സിന്ധു എന്നിവർ സംസാരിച്ചു. സൗത്ത് ജില്ലാസെക്രട്ടറി വിനോദ് വി.നമ്പൂതിരി സ്വാഗതവും നോർത്ത് ജില്ലാസെക്രട്ടറി സതീഷ് കണ്ടല നന്ദിയും പറഞ്ഞു.
എൻ.ജി.ഒ അസോസിയേഷൻ
സർക്കാർ ഒരുലക്ഷം കോടിയുടെ ആനുകൂല്യങ്ങളാണ് ജീവനക്കാരിൽനിന്നും കൊള്ളയടിച്ചിരിക്കുന്നതെന്ന് എൻ.ജി.ഒ അസോസിയേഷന്റെ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്ത കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ മുഖ്യപ്രഭാഷണം നടത്തി.
കെ.ജി.ഒ.എഫ്
സംതൃപ്തമായ ജീവനക്കാർക്ക് മാത്രമേ സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനാവൂ എന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കെ.ജി.ഒ.എഫ് സെക്രട്ടേറിയറ്റ് ധർണ അദ്ദേഹം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ.ജി.ഒ.എഫ് സംസ്ഥാന ട്രഷറർ എം.എസ്.വിമൽകുമാർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.ആർ.ബിനുപ്രശാന്ത് അദ്ധ്യക്ഷനായിരുന്നു.
എൻ.ജി.ഒ സംഘ്
പന്ത്രണ്ടാം ശമ്പളപരിഷ്‌കരണം സർക്കാർ അട്ടിമറിച്ചെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽസെക്രട്ടറി എസ്.രാജേഷ്. എൻ.ജി.ഒ സംഘ് ജില്ലാകമ്മിറ്റിയുടെ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് ജി. ഹരികുമാർ അദ്ധ്യക്ഷനായിരുന്നു. ബി.ജെ.പി സംസ്ഥാനസെക്രട്ടറി എസ്. സുരേഷ്,ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ.രമേശ്,സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് ടി.ഐ. അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കെ.ജി.ഒ.യു
ജീവനക്കാർ അനിശ്ചിതകാല സമരത്തിന് തയ്യാറാകണമെന്ന് കെ.ജി.ഒ.യു സംസ്ഥാനപ്രസിഡന്റ് കെ.സി.സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു. കെ.ജി.ഒ.യു പ്രതിഷേധമാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് എ.നിസാമുദ്ദീൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ട്രഷറർ ആർ.രാജേഷ് മുഖ്യപ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |