തിരുവനന്തപുരം: അധികാരദണ്ഡ് ഏറ്റുവാങ്ങി റവാഡ എ. ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റു. ഇന്നലെ രാവിലെ ഏഴിന് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡി.ജി.പിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന എ.ഡി.ജി.പി എച്ച്. വെങ്കടേശിൽ നിന്നാണ് അദ്ദേഹം അധികാരദണ്ഡ് ഏറ്റുവാങ്ങിയത്.
പൊലീസ് ആസ്ഥാനത്തെത്തിയ റവാഡയെ, എ.ഡി.ജി.പി എസ്. ശ്രീജിത്ത് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് വീരചരമമടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർത്ഥം ധീരസ്മൃതിഭൂമിയിൽ റവാഡ പുഷ്പചക്രമർപ്പിച്ചു. സ്‌പെഷ്യൽ ഗാർഡ് ഓഫ് ഓണറും സ്വീകരിച്ചു. എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, ഐ.ജിമാരായ എസ്. ശ്യാംസുന്ദർ, ജി. സ്‌പർജ്ജൻ കുമാർ, പി. പ്രകാശ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഇന്നലെ പുലർച്ചെയാണ് റവാഡ ഭാര്യ സരിതയ്ക്കൊപ്പം തിരുവനന്തപുരത്തെത്തിയത്. എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ്, എ.ഐ.ജി ജി. പൂങ്കുഴലി എന്നിവർ വിമാനത്താവളത്തിൽ സ്വീകരിച്ചു. ചുമതലയേറ്റ ശേഷം മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ റവാഡ കണ്ണൂരിലേക്ക് പോയി.
ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് ഡി.ജി.പി റവാഡ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി പൊലീസിന് പരിശീലനം നൽകും. മോശമായി പെരുമാറിയാൽ ശക്തമായ നടപടിയുണ്ടാവും. സ്റ്റേഷനിലെത്തുന്നവർക്ക് മികച്ച സേവനവും നീതിയും ഉറപ്പാക്കും. സ്ത്രീകൾക്കെതിരായ അക്രമങ്ങളെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ലഹരി ശൃംഖല തകർക്കും
ലഹരിയെത്തിക്കുന്ന ശൃംഖലയെ തകർക്കുമെന്ന് റവാഡ പറഞ്ഞു. ലഹരിക്കേസുകളിൽ കർശന നടപടിയുണ്ടാവും. ലഹരി ഉപയോഗിക്കുന്നവർക്ക് ബോധവത്കരണവും കൗൺസലിംഗും നൽകും. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ശക്തമായി മുന്നോട്ടു പോകും. രാജ്യത്താകെ ലഹരിയുടെ പ്രശ്നങ്ങളുണ്ട്. സൈബർ തട്ടിപ്പുകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കും. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ക്രമസമാധാന പാലനത്തിൽ കേരള പൊലീസ് മികച്ചതാണ്. കേരളത്തിൽ തീവ്രവാദ ഗ്രൂപ്പുകളുടെ സ്വാധീനമുണ്ടെന്ന് തോന്നിയിട്ടില്ല. പൊലീസിൽ ആത്മഹത്യ വർദ്ധിക്കുന്നത് പരിശോധിക്കും. കൗൺസലിംഗ് കുറേക്കൂടി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവിച്ചതെല്ലാം ജോലിയുടെ ഭാഗം
കൂത്തുപറമ്പ് വെടിവയ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് 'സംഭവിച്ചതെല്ലാം ജോലിയുടെ ഭാഗം. രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കാനില്ല. സേവനം മാത്രമാണ് ലക്ഷ്യം""- എന്നായിരുന്നു റവാഡയുടെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |