ജസ്റ്റിസിനെ ജോലിയിൽ നിന്ന് മാറ്രിനിറുത്തും
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്‌ജിയുടെ ഔദ്യോഗിക വസതിയിൽ കോടിക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി. ഇതിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. കർണാടക ഹൈക്കോടതി ജഡ്‌ജിയും മലയാളിയുമായ ജസ്റ്റിേസ് അനു ശിവരാമൻ, പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ എന്നിവരാണ് സമിതിയിലുള്ളത്.
ആരോപണ വിധേയനായ ജസ്റ്റിസ് യശ്വന്ത് വർമ്മയെ ജോലിയിൽ നിന്ന് മാറ്റി നിറുത്താൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉത്തരവിട്ടു. ജസ്റ്റിസ് വർമ്മ മുൻപ് ഒരു തട്ടിപ്പു കേസിൽ സി.ബി.ഐ അന്വേഷണം നേരിട്ടതിന്റെ വിവരങ്ങളും പുറത്തു വന്നു.
ജസ്റ്റിസ് വർമ്മയ്ക്ക് ഒരു ജുഡിഷ്യൽ ജോലിയും തത്കാലം നൽകരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് നിർദ്ദേശം നൽകി. നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സമർപ്പിച്ച റിപ്പോർട്ട്, ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ പ്രതികരണം, മറ്റ് രേഖകൾ എന്നിവ സുപ്രീം കോടതി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യും.
തട്ടിപ്പുകേസിൽ
അന്വേഷണം
സി.ബി.ഐ അന്വേഷിച്ച ഒരു പഞ്ചസാര മില്ലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിന്റെ എഫ്.ഐ.ആറിൽ ജസ്റ്റിസ് വർമ്മ ഉൾപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ സംഭോലി പഞ്ചസാര മില്ലിന്റെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എന്ന നിലയിലാണ് അദ്ദേഹം ഉൾപ്പെട്ടത്. കർഷകർക്ക് വളങ്ങളും വിത്തുകളും വാങ്ങാൻ ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്‌സ് അനുവദിച്ച വായ്‌പയിൽ കമ്പനി വ്യാജ കെ.വൈ.സി രേഖകൾ തയ്യാറാക്കി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ മരുമകനും കമ്പനിയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ ഗുർപാൽ സിംഗും ഉൾപ്പെട്ടതാണ് കേസ്.
ജുഡിഷ്യറിയെ
പിടിച്ചുലച്ചു
സംഭവം ജുഡിഷ്യറിയെ പിടിച്ചുലയ്ക്കുകയും മനോവീര്യം തകർക്കുകയും ചെയ്‌തെന്ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി. കെ ഉപാദ്ധ്യായ പറഞ്ഞു. സുതാര്യമല്ലാത്ത ജുഡിഷ്യൽ നിയമന പ്രക്രിയയെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. വിഷയത്തിലുള്ള അനിശ്ചിതത്വവും ഊഹാപോഹങ്ങളും ഇല്ലാതാക്കാൻ സുപ്രീംകോടതി ബുള്ളറ്റിൻ ഇറക്കണമെന്ന് മുൻ അറ്റോണി ജനറലും മുതിർന്ന അഭിഭാഷകനുമായ മുകുൾ റോഹത്ഗി ആവശ്യപ്പെട്ടു. തീപിടിത്തം ആരാണ് റിപ്പോർട്ട് ചെയ്തത്. പണം കണ്ടെത്തിയില്ലെന്ന് അഗ്നിശമന സേന പറയുന്നത് എന്തുകൊണ്ടാണ്. പണം എവിടെ നിന്നാണ് കണ്ടെത്തിയത്. മാർച്ച് 14 ന് നടന്ന സംഭവം ചീഫ് ജസ്റ്റിനെ മാർച്ച് 20 ന് മാത്രമാണ് അറിയിച്ചതിലെ കാലതാമസം ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. ആരോപണം തെളിഞ്ഞാൽ ജസ്റ്റിസ് വർമ്മയെ ജുഡിഷ്യൽ ചുമതലകളിൽ നിന്ന് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ ജസ്റ്റിസ് വർമ്മ രാജിവയ്ക്കണമെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ഇന്ദിര ബാനർജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |