വിവാഹശേഷം സ്‌ത്രീകൾ വണ്ണം വയ്ക്കുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. എത്ര മെലിഞ്ഞിരിക്കുന്നവരായാലും വിവാഹം കഴിഞ്ഞാൽ വണ്ണം വയ്ക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ പുതിയ പഠനം വ്യക്തമാക്കുന്നത് വിവാഹശേഷം വണ്ണം വയ്ക്കുന്നത് പുരുഷന്മാരാണ് എന്നാണ്. വിവാഹശേഷം പുരുഷന്മാരിൽ പൊണ്ണത്തടി വരാൻ മൂന്നിരട്ടി സാദ്ധ്യതയുണ്ടെന്നാണ് പുതിയ പഠനത്തിൽ വ്യക്തമാക്കുന്നത്.
പോളണ്ടിലെ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് കാർഡിയോളജിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 1990ന് ശേഷം ആഗോളതലത്തിൽ പൊണ്ണത്തടിക്കാരുടെ എണ്ണം വർദ്ധിച്ചതായി പഠനത്തിൽ പറയുന്നു. 2050 ആകുമ്പോഴേയ്ക്കും ലോകത്തിലെ പകുതിയോളം ചെറുപ്പക്കാരും കുട്ടികളും പൊണ്ണത്തടിയുള്ളവരായി മാറുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
50 വയസിൽ താഴെയുള്ള 2405 പേരിലാണ് പഠനം നടത്തിയത്. വിവാഹിതരായ പുരുഷന്മാർക്ക് അവിവാഹിതരായ പുരുഷന്മാരേക്കാൾ 3.2 മടങ്ങ് പൊണ്ണത്തടി ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന് പഠനത്തിൽ കണ്ടെത്തിയതായി ഗവേഷകർ വ്യക്തമാക്കി. വിവാഹിതരായ സ്ത്രീകളിൽ പൊണ്ണത്തടി സാദ്ധ്യതയിൽ വർദ്ധനവുണ്ടായില്ല. വിവാഹിതരായ പുരുഷന്മാരിൽ അമിതഭാരത്തിനുള്ള സാദ്ധ്യത 62 ശതമാനവും സ്ത്രീകളിൽ 39 ശതമാനവുമാണ് വർദ്ധിച്ചത്.
ഉയർന്ന കലോറി ഉപഭോഗവും കുറഞ്ഞ വ്യായാമവും കാരണം വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ അഞ്ച് വർഷം പുരുഷന്മാരുടെ ബിഎംഐ (ബോഡി മാസ് ഇൻഡക്‌സ്) വർദ്ധിക്കുന്നതായി 2024ൽ ചൈനയിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. വിവാഹിതരായ പുരുഷന്മാരിൽ അമിതഭാരമുള്ളവരുടെ എണ്ണത്തിൽ 5.2 ശതമാനം വർദ്ധനവും പൊണ്ണത്തടിയുള്ള പുരുഷന്മാരിൽ 2.5 ശതമാനം വർദ്ധനവും ഉണ്ടായതായി കണ്ടെത്തി. വിവാഹിതരായ പുരുഷന്മാർ അവിവാഹിതരായ പുരുഷന്മാരേക്കാൾ ശരാശരി 1.4 കിലോഗ്രാം ഭാരമുള്ളവരാണെന്ന് ബാത്ത് സർവകലാശാല നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു. ഭക്ഷണത്തിന്റെ അളവ് കൂടുന്നത്, അനാരോഗ്യകരമായ ഭക്ഷണങ്ങൾ, കുടുംബത്തോടൊപ്പവും സുഹൃത്തുക്കളും മറ്റുമായി ഒരുമിച്ചുള്ള ഭക്ഷണം കഴിക്കുന്നതിലെ വർദ്ധനവ്, ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നത്, സമ്മർദ്ദമേറിയ തൊഴിൽ തുടങ്ങിയ ഘടകങ്ങളാണ് വിവാഹിതരായ പുരുഷന്മാരിൽ പൊണ്ണത്തടിയുണ്ടാകാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.
'വിവാഹശേഷം പുരുഷ ബിഎംഐ വർദ്ധിക്കുകയും വിവാഹമോചനത്തിന് തൊട്ടുമുമ്പും ശേഷവും കുറയുകയും ചെയ്യുന്നു. പങ്കാളിയെ അന്വേഷിക്കുന്ന അവിവാഹിതരായ പുരുഷന്മാർ ഫിറ്റ്‌നസ് നിലനിർത്താൻ ശ്രമിക്കുന്നു. പങ്കാളിയിൽ മതിപ്പുളവാക്കാൻ ഉദ്ദേശിച്ചാണിത്. എന്നാൽ വിവാഹശേഷം ഫിറ്റ്‌നസിനോടുള്ള താത്‌പര്യം മിക്കവരിലും കുറയുന്നു'- എന്നാണ് ബാത്ത് സർവകലാശാലയിലെ ബിസിനസ് ഇക്കണോമിക്‌സ് അദ്ധ്യാപികയായ ജോവാന സിർഡ വ്യക്തമാക്കുന്നത്. 2017ൽ നടത്തിയ പഠനത്തിലാണ് ജോവാന സിർഡ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |